തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരില്‍ തിളങ്ങിനിന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച തീരുമാനം ഉരുത്തിരിഞ്ഞത് രാവിലെ ചേര്‍ന്ന കേരളത്തില്‍നിന്നുള്ള സിപിഎം പിബി അംഗങ്ങളുടെ യോഗത്തില്‍. ഈ യോഗത്തിലെ തീരുമാനം പിന്നീട് സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു.
മന്ത്രിസഭയ്ക്ക് തീര്‍ത്തും പുതിയ മുഖം വേണമെന്ന നിര്‍ദേശമാണ് പിബി അംഗങ്ങളുടെ യോഗത്തില്‍ ഉയര്‍ന്നത്. ഇതിന് എന്തു മാനദണ്ഡം മുന്നോട്ടുവയ്ക്കാനാവുമന്ന ചര്‍ച്ച യോഗത്തിലുണ്ടായി. മുഖ്യമന്ത്രി ഒഴികെ, ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്. ഈ നിര്‍ദേശം സെക്രട്ടേറിയറ്റിനു മുന്നില്‍ വന്നു. ചര്‍ച്ച നടന്നെങ്കിലും ഇവിടെയും എതിര്‍പ്പില്ലാതെ തീരുമാനം അംഗീകരിക്കപ്പെട്ടു.
പിബി അംഗം കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം അവതരിപ്പിച്ചത്. ആര്‍ക്കും ഇളവില്ലെന്ന നിര്‍ദേശം സംസ്ഥാന സമിതിയില്‍ തന്നെ പലര്‍ക്കും അമ്പരപ്പുണ്ടാക്കി. നേരത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടെ, രണ്ടു വട്ടം ആയവര്‍ വേണ്ടെന്ന നിബന്ധന വന്നപ്പോള്‍ ചിലര്‍ക്കെങ്കിലും ഇളവുണ്ടാവുമെന്ന സാധ്യത തുറന്നിട്ടായിരുന്നു ചര്‍ച്ചകള്‍. ഇക്കുറി പക്ഷേ അതും ഉണ്ടായില്ല.
കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ , പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates