Mahindra Thar Roxx file
Kerala

മഹീന്ദ്ര സർവീസിൽ അതൃപ്തി; വാഹന വിൽപ്പനയ്ക്കും അറ്റകുറ്റപ്പണിക്കുമായി പ്രത്യേക നിയമം വേണം, ഥാർ ഉടമ ഹൈക്കോടതിയിൽ

തന്റെ വാഹനത്തിന്റെ മുന്‍വാതിലില്‍ നിന്ന് വിട്ടുമാറാത്ത ശബ്ദം പരിഹരിക്കുന്നതിനായി മരടിലെ വയലാറ്റ് മഹീന്ദ്ര സര്‍വീസ് സെന്ററില്‍ ഏല്‍പ്പിച്ചതിന് ശേഷം വീണ്ടും വീണ്ടും വാഹനത്തിന് അറ്റകുറ്റപ്പണിയെടുക്കേണ്ടി വന്നുവെന്ന് കുമാര്‍ തന്റെ ഹര്‍ജിയില്‍ ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹീന്ദ്രയുടെ അംഗീകൃത സർവീസ് സെന്ററിൽ നിന്നുണ്ടായ സേവന വീഴ്ചകളിൽ അതൃപ്തി രേഖപ്പെടുത്തി ഥാർ റോക്‌സ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ വാഹന വിൽപ്പനയും സർവീസും അറ്റകുറ്റപ്പണികളും നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ടി.ജി.എൻ കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ കോടതി വിശദീകരണം തേടി.

മെയ് 12-ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് മുരളി കൃഷ്ണ എസ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, മരടിലെ മഹീന്ദ്ര സർവീസ് സെന്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും മഹീന്ദ്രയുടെ മുംബൈയിലെ ഹെഡ് ഓഫീസിനും നോട്ടീസ് അയച്ചു. വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾ തടയാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും സർവീസ് സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കൃത്യമായ നിയമസംഹിത വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

തന്റെ വാഹനത്തിന്റെ മുന്‍വാതിലില്‍ നിന്ന് നിന്നുണ്ടാകുന്ന ശബ്ദം പരിഹരിക്കുന്നതിനായി മരടിലെ വയലാറ്റ് മഹീന്ദ്ര സര്‍വീസ് സെന്ററില്‍ ഏല്‍പ്പിച്ചതിന് ശേഷം വീണ്ടും വീണ്ടും വാഹനത്തിന് അറ്റകുറ്റപ്പണിയെടുക്കേണ്ടി വന്നുവെന്ന് കുമാര്‍ തന്റെ ഹര്‍ജിയില്‍ ആരോപിച്ചു. സര്‍വീസ് സെന്ററില്‍ നിന്നുള്ള സേവനം അശ്രദ്ധ നിറഞ്ഞതും പ്രതീക്ഷകള്‍ക്ക് താഴെയുമായിരുന്നു. ക്ലംപ്ലയിന്റ് കണ്ടെത്താന്‍ കഴിയാത്തത്, സാങ്കേതിക വൈദഗ്ധ്യമില്ലായ്മ, സര്‍വീസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പരാജയം എന്നിവയും സര്‍വീസ് സെന്ററിന്റെ പ്രധാന പ്രശ്‌നങ്ങളാണെന്നും ഹര്‍ജിയില്‍ ആരോപിക്കപ്പെടുന്നു.

സര്‍വീസ് സെന്ററിലെ ജീവനക്കാരുടെ പെരുമാറ്റവും മനോഭാവവും അങ്ങേയറ്റം പ്രൊഫഷണല്‍ അല്ലാത്തതും, നിസ്സംഗവും, മര്യാദയില്ലാത്തതുമായിരുന്നു. ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ച് ഫോളോ-അപ്പുകള്‍ നടത്തിയിട്ടും തൃപ്തികരമായ പ്രതികരണമോ അര്‍ത്ഥവത്തായ സഹായമോ ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ജനറല്‍ മാനേജറെ നേരിട്ട് ബന്ധപ്പെടാന്‍ പോലും താന്‍ നിര്‍ബന്ധിതനായെങ്കിലും ഫലപ്രദമായ സഹായമൊന്നും ലഭിച്ചില്ലെന്ന് കുമാര്‍ അവകാശപ്പെട്ടു.

നിര്‍മാതാക്കളെയും അംഗീകൃത സര്‍വീസ് സെന്ററുകളെയും നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമസംവിധാനം അപര്യാപ്തമാണെന്നും, ഇത് വാഹന ഉടമകളെ ചൂഷണത്തിന് ഇരയാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു പ്രത്യേക നിയമത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, ഓട്ടോമൊബൈല്‍ സര്‍വീസിംഗ് മേഖലയില്‍ ഉത്തരവാദിത്തവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് സെയില്‍സ് ആന്‍ഡ് സര്‍വീസസ് റെഗുലേഷന്‍ ആക്ടും ചട്ടങ്ങളും നടപ്പിലാക്കണമെന്ന് ഹര്‍ജിക്കാരന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പ്, വാഹനങ്ങളുടെ വില്‍പന, സര്‍വീസ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ വാഹന ഉടമകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഗതാഗത വകുപ്പിന് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം പരിശോധനയ്ക്കും വിശദമായ റിപ്പോര്‍ട്ടിനുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയതായി ഗതാഗത വകുപ്പ് അറിയിച്ചു.

Unhappy over Mahindra service, Thar Roxx owner moves Kerala HC for separate law on vehicle servicing, sales

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'ട്രംപിന്റെ കൈവിട്ട കണക്ക്': 60 ദിവസത്തെ ചെലവ് 3 ലക്ഷം കോടി; 'എന്നിട്ട് എന്തു നേടി'യെന്ന് ഡെമോക്രാറ്റുകാര്‍

നിങ്ങളുടെ കിച്ചണിൽ ചെയ്യുന്ന ഈ തെറ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഗ്യാസ് നിറയ്ക്കുന്നതിനിടെ അപകടം; സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

എസ്‌ഐആറില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ ഇല്ല; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

SCROLL FOR NEXT