കൊച്ചി: കൊച്ചിയുടെ സാധ്യതകള്‍ മെച്ചപ്പെടണമെങ്കില്‍ കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
'2019ല്‍ ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. തൃശൂരിലേക്കുള്ള മെട്രോയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് കോയമ്പത്തൂരിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ആണ്. അത് പാലിയേക്കര എന്നെ പറഞ്ഞിട്ടുള്ളൂ. തൃശൂര്‍ക്കാര്‍ക്ക് വേണ്ടിയല്ല. ഒരു കോമേഴ്‌സ്യല്‍ കോറിഡോര്‍ എന്ന് പറയുന്നത് രണ്ടു കോമേഴ്‌സ്യല്‍ സിറ്റികളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ്. രണ്ടില്‍ ഏതാണ് വലുത് എന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണം. കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കില്‍ രണ്ടു ട്വിന്‍ കോമേഴ്‌സ്യല്‍ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്. കുട്ടികളുടെ ഭാവിക്ക് ഗുണകരമാണ്. പുതിയ കേരളത്തിന് ഏറെ ഗുണം ചെയ്യും. വികസിത് ഭാരത് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ഇതെല്ലാം വേഗത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്'- സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന സര്‍വീസാക്കി മാറ്റാന്‍ കഴിയും. നിലവില്‍ കണക്ടിവിറ്റി പ്രശ്‌നമാണ്. ഫ്‌ലൈറ്റ് കൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. വിമാനത്താവളത്തിലേക്ക് മാത്രമായി പകുതി ദൂരം ഓടേണ്ടി വരില്ലേ. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടിയാല്‍ വായുമലിനീകരണം കുറയ്ക്കാനും സാധിക്കും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ ഒന്നും നടക്കില്ല. കേരളത്തിലെ 700 കിലോമീറ്ററില്‍ നാലു ലൈന്‍ സാധ്യമായാല്‍ കൂടുതല്‍ ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ പുതിയ ട്രെയിന്‍ ചോദിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനത്തിന് റെയില്‍വേ സജ്ജമാണ്. ഈ വര്‍ഷം 3042 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. പതിനായിരമോ അതില്‍ കൂടുതലോ നല്‍കാന്‍ തയ്യാറാണ്. ആവശ്യം ഭൂമി മാത്രമാണ്. വന്ദേഭാരത് പോലെ എക്‌സ്പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷേ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഒരു സീറോ കര്‍വ് വേണ്ട. നോ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തി നല്‍കണം. അതുവഴി റെയില്‍ ഇപ്പോള്‍ കടന്നുപോകുന്ന ലൈനിന് പകരം ഭൂമി നല്‍കുന്ന തരത്തില്‍ ബാര്‍ട്ടര്‍ സിസ്റ്റവും ആലോചിക്കാവുന്നതാണ്. അത്രയും വില കൊടുത്ത് വാങ്ങണമെന്നില്ല. അതുപോലെ റെയില്‍വേ സ്‌റ്റേഷനുകളും റീലൊക്കേറ്റ് ചെയ്യേണ്ടതുണ്ട്. കൊച്ചിയുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിന് പൊന്നുരുന്നിയില്‍ കേരളത്തിന്റെ തന്നെ ഏറ്റവും വലിയ റെയില്‍വേ ഹബ് വരണം. പൊന്നുരുന്നിയില്‍ 110 ഏക്കര്‍ ഭൂമി ഉണ്ട്. താന്‍ സ്വപ്‌നം കാണുന്നത് ചെന്നൈയിലുള്ള എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷന് സമാനമായ വികസനമാണ്. അവിടെ ഒരു സ്റ്റേഷനുള്ളു. ബാക്കിയെല്ലാം പുറത്താണ്. സൗകര്യങ്ങളുടെ വര്‍ധനയ്ക്ക് റെയില്‍വേ തടസമായി നില്‍ക്കുന്ന അഞ്ചു പട്ടണങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതിന് പ്രതിവിധി വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates