കള്ളാടിപ്പാറയിലുണ്ടായ മണ്ണിടിച്ചില്‍  pti
Kerala

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'

ദുരന്തത്തിന്റെ കേന്ദ്രബിന്ദുവായ കള്ളാടി ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിലെയും വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സില്‍ തുരങ്കപാത ഇന്നും ഒരു വികസന പദ്ധതി മാത്രമല്ല; തലമുറകളായി കാത്തിരിക്കുന്ന ജീവിതത്തിന്റെ പ്രതീക്ഷയാണ്.

Author : ലക്ഷ്മി ആതിര

കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായി ഉയരുകയാണ്. എന്നാല്‍ ദുരന്തത്തിന്റെ കേന്ദ്രബിന്ദുവായ കള്ളാടി ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിലെയും വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സില്‍ തുരങ്കപാത ഇന്നും ഒരു വികസന പദ്ധതി മാത്രമല്ല; തലമുറകളായി കാത്തിരിക്കുന്ന ജീവിതത്തിന്റെ പ്രതീക്ഷയാണ്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോഴും കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഗുരുതരമായ ഒരു അസുഖമോ അപകടമോ ഉണ്ടായാല്‍ പോലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആണ് ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്. ആ യാത്രയ്ക്കുള്ള ഏക പ്രധാന വഴിയാകട്ടെ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച താമരശ്ശേരി ചുരം റോഡ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ റോഡാണ് ഇന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാഡി.

എന്നാല്‍ ആ ജീവനാഡി പലപ്പോഴും മണിക്കൂറുകളോളം നിശ്ചലമാകുന്നു. വെറും 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താമരശ്ശേരി ചുരം കടക്കാന്‍ മൂന്നും നാലും മണിക്കൂര്‍ വരെ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് വയനാട്ടുകാര്‍ക്ക് പതിവാണ്. ആശുപത്രിയിലെത്തേണ്ട രോഗിയും പരീക്ഷയ്ക്ക് ഓടുന്ന വിദ്യാര്‍ഥിയും ജോലി തേടി യാത്ര ചെയ്യുന്ന സാധാരണക്കാരനും ഒരുപോലെ ഈ കാത്തിരിപ്പിന് വില നല്‍കേണ്ടി വരുന്നു. വൈകിപ്പോകുന്ന ഓരോ നിമിഷവും അവര്‍ക്ക് സമയം മാത്രമല്ല, ചിലപ്പോള്‍ ജീവനും ഭാവിയും കൂടിയാണ്.

അതുകൊണ്ടുതന്നെ തുരങ്കപാത വയനാട്ടുകാര്‍ക്ക് ഒരു റോഡ് പദ്ധതി മാത്രമല്ല. ഒറ്റപ്പെടലില്‍ നിന്ന് കരകയറാനുള്ള വഴിയും ചികിത്സയിലേക്കും വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും അതിവേഗം എത്തിച്ചേരാനുള്ള പ്രതീക്ഷയുമാണ്. അതുകൊണ്ടാണ് കള്ളാടിയിലെ ദുരന്തത്തിന്റെ വേദന നെഞ്ചിലേറ്റിക്കൊണ്ടുതന്നെ, അശാസ്ത്രീയമായ നിര്‍മാണ രീതികള്‍ തിരുത്തണമെന്നും എന്നാല്‍ പദ്ധതി ഉപേക്ഷിക്കരുതെന്നും പ്രദേശവാസികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

തുരങ്കപാത ഞങ്ങളുടെ സ്വപ്ന പദ്ധതി

'അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോഴും ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് വയനാട്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ അസുഖമോ അപകടമോ ഉണ്ടായാല്‍ ചുരം ഇറങ്ങി കോഴിക്കോട് എത്താതെ വിദഗ്ധ ചികിത്സ ലഭിക്കില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ മൂന്നും നാലും മണിക്കൂര്‍ വരെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ വയനാട്ടുകാരുടെ ചിരകാല സ്വപ്നമാണ് തുരങ്കപാത. കള്ളാടിയിലെ അപകടത്തിന്റെ പേരില്‍ ഈ പദ്ധതി ഉപേക്ഷിക്കരുതെന്നാണ് വയനാട്ടിലെ 95 ശതമാനം ആളുകളുടെയും അഭിപ്രായം,' മേപ്പാടി സ്വദേശി നസീര്‍ പറഞ്ഞു.

'പദ്ധതി ഉപേക്ഷിക്കണമെന്ന് പറയുന്നത് വളരെ ചുരുക്കം ചില പരിസ്ഥിതി പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തിരുന്ന് സ്വന്തം വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷിതത്വത്തില്‍ നിന്ന് ടെലിവിഷനിലൂടെ മാത്രം ഇവിടുത്തെ പ്രശ്‌നങ്ങള്‍ കാണുന്നവരുമാണ്. വയനാട്ടിലെ സാധാരണക്കാരില്‍ ആരും തുരങ്കപാത നിര്‍മാണം നിര്‍ത്തണമെന്ന് പറയില്ല. ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം പുറത്തുള്ളവര്‍ക്ക് പൂര്‍ണമായി മനസ്സിലാകില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സോയില്‍ നെയ്‌ലിങ്' ഈ മണ്ണിന് അനുയോജ്യമല്ല

വയനാടിന്റെ ഭൂപ്രകൃതി വേണ്ടവിധം മനസ്സിലാക്കാതെയാണ് കള്ളാടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.'സോയില്‍ നെയ്‌ലിങ് പോലുള്ള സാങ്കേതിക വിദ്യ ഉത്തരേന്ത്യയിലെ ഭൂപ്രകൃതിയില്‍ ഫലപ്രദമായേക്കാം. എന്നാല്‍ വയനാട്ടിലെ മണ്ണ് വ്യത്യസ്തമാണ്. കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്ന, വളരെ അയവുള്ള മണ്ണാണിവിടെ. അത്തരം മണ്ണില്‍ സോയില്‍ നെയ്‌ലിങ് നടത്തിയാല്‍ അതിന് ആവശ്യമായ ബലം ലഭിക്കില്ല.

കള്ളാടിയില്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് ഏകദേശം 50 ഏക്കറോളം മല തുറന്ന് സോയില്‍ നെയ്‌ലിങ് നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന് തൊട്ടുപിന്നില്‍ വലിയ പാറകളുള്ള പ്രദേശമാണ്. അത് വനഭൂമിയുടെ ഭാഗമാണ്. നിര്‍മാണ കമ്പനിയുടെ വിശദീകരണമനുസരിച്ച് ആ ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുമതിയില്ല.

അപകടം നടന്ന പ്രദേശം ധാരാളം ഉറവകളുള്ള മേഖലയാണ്. മഴക്കാലത്ത് മുകളിലെ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം സോയില്‍ നെയ്‌ലിങ് നടത്തിയ ഭാഗത്ത് കെട്ടിനില്‍ക്കുന്നു. അത്തരമൊരു ജലസമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി ഈ സംവിധാനത്തിനില്ല. പകരം, പാറയുള്ള പ്രദേശം വരെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ ബലം ലഭിച്ചേനെയെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍,'' കള്ളാടി വാര്‍ഡ് അംഗം മുഹമ്മദ് യൂനുസ് പറഞ്ഞു.

ശാസ്ത്രീയ പഠനങ്ങള്‍ അനിവാര്യം

വയനാടിന്റെ മണ്ണിന്റെ സ്വഭാവം പൂര്‍ണമായി മനസ്സിലാക്കാതെയാണ് പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്ന് മുഹമ്മദ് യൂനുസ് ചൂണ്ടിക്കാട്ടുന്നു.'ഇവിടുത്തെ മണ്ണിന്റെ ഘടനയും ഭൗമശാസ്ത്രപരമായ പ്രത്യേകതകളും ആഴത്തില്‍ പഠിച്ച ശേഷമായിരിക്കണം ഇത്തരം വലിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഇതുവരെ നടത്തിയ പഠനങ്ങള്‍ കള്ളാടിയിലെ നിര്‍മാണത്തിന് പര്യാപ്തമായിരുന്നില്ലെന്ന് ഇപ്പോഴത്തെ സംഭവം തന്നെ തെളിയിക്കുന്നു. അതിനാല്‍ കൂടുതല്‍ സമഗ്രവും ശാസ്ത്രീയവുമായ പഠനങ്ങള്‍ അനിവാര്യമാണ്,' അദ്ദേഹം പറഞ്ഞു. ആദ്യം പഠിക്കേണ്ടത് വയനാടിന്റെ മണ്ണിന്റെ ഘടനയാണ്. ഉത്തരേന്ത്യയിലെ മാതൃകകള്‍ അതേപടി ഇവിടെ നടപ്പാക്കുന്നതിനുപകരം, വയനാടിന്റെ ഭൗമശാസ്ത്രവും കാലാവസ്ഥയും കണക്കിലെടുത്തുള്ള പുതിയ നിര്‍മാണരീതികളാണ് സ്വീകരിക്കേണ്ടത്. അതാണ് പരിഹാരം. പദ്ധതി തന്നെ ഉപേക്ഷിക്കുന്നതല്ല ശരിയായ നടപടി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭയത്തിന്റെ നിഴലില്‍ 150 കുടുംബങ്ങള്‍

അപകടം നടന്ന സ്ഥലത്തിന് സമീപം ഏകദേശം 150 കുടുംബങ്ങളാണ് താമസിക്കുന്നത്. ദുരന്തത്തിന് ശേഷം ഇവര്‍ ഓരോ മഴയെയും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഒലിച്ചുവന്ന മണ്ണ് മാത്രമല്ല ഇപ്പോള്‍ പ്രദേശവാസികളുടെ ആശങ്ക. നിര്‍മാണത്തിന്റെ ഭാഗമായി വലിയ തോതില്‍ കുന്നായി കൂട്ടിയിട്ട മണ്ണും പ്രദേശത്തുണ്ട്. ചെറിയൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായാലും ഈ മണ്ണ് മുഴുവന്‍ താഴേക്ക് പതിച്ച് സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. അതുകൊണ്ടുതന്നെ നിര്‍മാണ സ്ഥലത്ത് കുന്നിച്ചുകൂട്ടിയ മണ്ണ് എത്രയും വേഗം സുരക്ഷിതമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കള്ളാടിയിലെ ദുരന്തം ഒരു മുന്നറിയിപ്പായി കണ്ട്, വയനാടിന്റെ ഭൂപ്രകൃതിയെയും മണ്ണിന്റെ സ്വഭാവത്തെയും മാനിച്ചുള്ള ശാസ്ത്രീയ സമീപനമാണ് ഇനി സ്വീകരിക്കേണ്ടതെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Unscientific Construction Led to Disaster; Do Not Abandon Wayanad's Dream Project Over This Accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മുന്‍ മന്ത്രി എം കെ മുനീറിന്റെ ഭാര്യാമാതാവ് നിര്യാതയായി

അഭിമാന'മുണ്ട്'; ജപ്പാനില്‍ ട്രെയിന്‍ പിടിക്കാന്‍ ഓട്ടത്തോട് ഓട്ടം; ശ്രീധര്‍ വെമ്പുവിന് മുന്നില്‍ അപ്രതീക്ഷിത അതിഥി; വൈറല്‍ വീഡിയോ

ഓപ്പറേഷന്‍ തൂഫാന്‍: 'കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കും'; ഡി കെ ശിവകുമാറിനെ കണ്ട് ചെന്നിത്തല

ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 18 ന്; തൃപ്പുത്തരി 30 ന്