പ്രതീകാത്മകം 
Kerala

Urban Policy Commission- സാങ്കേതിക ഹബ്ബ്, വ്യവസായ സ്മാർട് സിറ്റി, വിജ്ഞാന ഇടനാഴി; നഗരവത്കരണ വെല്ലുവിളി നേരിടാൻ സമ​ഗ്ര നയം

അർബൻ പോളിസി കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ന​ഗരവത്കരണത്തിന്റെ ഭാ​ഗമായുള്ള വെല്ലുവിളികൾ നേരിടുന്നതിനായി 2023ൽ സംസ്ഥാന സർക്കാർ രൂപീകരിച്ച അർബൻ പോളിസി കമ്മീഷൻ (യുപിസി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നിലവിലെ വെല്ലുവിളികൾ പരിഹരിച്ച് ന​ഗരവത്കരണത്തിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുക ഉൾപ്പെടെ നിരവധി ശുപാർശകൾ കമ്മീഷൻ മുന്നോട്ടു വയ്ക്കുന്നുണ്ട്.

നഗരവത്കരണത്തിന്റെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒരു സമഗ്ര നയത്തിന്റെ കരട് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് പറഞ്ഞു. അടുത്ത 25 വർഷത്തേക്ക് സംസ്ഥാനത്തിന്റെ വികസനത്തിന് ഈ നയം ശക്തി പകരും. കരട് പരിശോധിച്ച ശേഷം അന്തിമ അം​ഗീകാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക, സാങ്കേതിക ഹബ്ബായി തൃശൂർ- കൊച്ചി ന​ഗരങ്ങളെ വികസിപ്പിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഗവേഷണവും നവീകരണവും വളർത്തുന്നതിനായി പാലക്കാടും കാസർക്കോടും വ്യാവസായിക സ്മാർട് സിറ്റി, തിരുവനന്തപുരം-കൊല്ലം വിജ്ഞാന ഇടനാഴി എന്നീ പദ്ധതികളും റിപ്പോർട്ടിലുണ്ട്. കണ്ണൂരിനെ ഒരു ഫാഷൻ സിറ്റിയായി പ്രോത്സാഹിപ്പിക്കണം. കണ്ണൂർ, കാസർക്കോട്, തൃശൂർ, എറണാകുളം നഗരങ്ങളെ വിദ്യാഭ്യാസ ആരോഗ്യ കേന്ദ്രങ്ങളായി പ്രയോജനപ്പെടുത്തണം. കോഴിക്കോടിനെ അതിന്റെ സമ്പന്നമായ സാഹിത്യ പൈതൃകത്തെ അടിസ്ഥാനമാക്കി 'സാഹിത്യ നഗരം' ആയി ബ്രാൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനുകളുമായി ബന്ധിപ്പിച്ച് ആറ് മെട്രോപൊളിറ്റൻ പ്ലാനിങ് കമ്മിറ്റികൾ (എംപിസി) രൂപീകരിക്കുക. അതത് പ്രദേശങ്ങളിലെയും പരിസരങ്ങളിലെയും നഗര വികസന പ്രക്രിയയുടെ നേതൃത്വം ഈ എംപിസികളുടെ ഉത്തരവാദിത്വമായിരിക്കും. ജനസംഖ്യ, ജന സാന്ദ്രത, കണക്റ്റിവിറ്റി, ഭൂവിനിയോ​ഗമടക്കമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എംപിസികളുടെ ആസൂത്രണ മേഖലകൾ നിർവചിക്കണം. സാങ്കേതികവിദ്യ, ആസൂത്രണം, മാനേജ്മെന്റ്, ധനകാര്യം, നിയമം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സുസ്ഥിരമായ സാങ്കേതിക പിന്തുണ നൽകുന്ന 'ജ്ഞാനശ്രീ' പരിപാടി ആരംഭിക്കാനും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള സംരംഭങ്ങൾക്ക് ധന സഹായം നൽകുന്നതിന് നഗര വികസന പദ്ധതികളിൽ ഗ്രീൻ ഫീസ് ഏർപ്പെടുത്തണം. ഖരമാലിന്യ മാനേജ്മെന്റ്, കാലാവസ്ഥാ ദുരന്ത നിവാരണത്തിനായി പ്രത്യേക സെല്ലുകൾ രൂപീകരിക്കുക, സംസ്ഥാന സർവകലാശാലകളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഗവേഷണ- നവീകരണ കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

എംഎസ്എംഇകളെ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ നിക്ഷേപകരും തമ്മിലുള്ള ഉയർന്ന സാങ്കേതിക വിദ്യയും സഹകരണവും പ്രയോജനപ്പെടുത്തുക, ലൈസൻസിങ്- അംഗീകാരം നൽകുന്നതിനുള്ള ദിവസങ്ങൾ 7-15 ആയി കുറയ്ക്കുക എന്നിവയിലൂടെ സംസ്ഥാനം വ്യാവസായിക വിപ്ലവം 4.0 ലേക്ക് നീങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT