ആലപ്പുഴ: കേരളത്തിന്റെ സമരനായകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. നിരവധി വിപ്ലവകാരികള്‍ ഉറങ്ങുന്ന വലിയ ചുടുകാടിന്റെ സമരോജ്ജ്വല ഭൂമിയിലാകും പുന്നപ്രയുടെ സമരപുത്രന്‍ ഇനി അന്ത്യവിശ്രമം കൊള്ളുക.
പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കള്‍ക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം. ചുടുകാട്ടിലെ നേതാക്കളെ സംസ്‌കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്‍പ്പം മാറിയാണ് വി എസിന്റെ അന്ത്യവിശ്രമം സജ്ജമാക്കിയിട്ടുള്ളത്. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്.
വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്ണപിള്ള, പോരാട്ടങ്ങള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, എന്‍ ശ്രീധരന്‍, പി കെ വിജയന്‍, സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതരായ നേതാക്കള്‍ക്കൊപ്പം വി എസും ഇനി വലിയ ചുടുകാട്ടിലെ അണയാത്ത സമരജ്വാലയാകും.
വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാട്. പുന്നപ്രയില്‍ തിരുവിതാംകൂര്‍ ദിവാന്‍ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണവരുടെ കഥ വി എസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണ നൂറുകണക്കിനാളുകളെ മണ്ണെണ്ണയൊഴിച്ച് കൂട്ടിയിട്ടു കത്തിച്ച ഇടമാണ് ചുടുകാട്. പുന്നപ്ര-വയലാര്‍ സമരം വിഎസിന് ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്നെങ്കില്‍, വലിയ ചുടുകാട് പോരാട്ടചരിത്രത്തിലെ ഒരിക്കലും മായാത്ത ചോരപ്പാടാണ്. ചുടുകാടിന് പുറത്ത് വിപ്ലവസൂര്യന് ലാല്‍സലാം എന്ന ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates