തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺ കുമാർ. ഇവിടുത്തെ മണ്ണും വായുവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാതെ കാത്തുസൂക്ഷിക്കുന്നതും കഷ്ടപ്പെടുന്ന സാധാരണക്കാരെ ചേർത്തുപിടിക്കുന്നതുമാണ് യഥാർത്ഥ വന്ദേമാതരമെന്ന് അരുൺ കുമാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വരികൾ കാണാതെ പഠിക്കുന്നതിലും എത്രയോ ഉയർന്നതാണ് സ്വന്തം നാടിനോടും ജനങ്ങളോടുമുള്ള ആത്മാർത്ഥതയെന്ന് അരുൺ കുമാർ ചൂണ്ടിക്കാട്ടി.
അരുണ്‍കുമാറിൻറെ പോസ്റ്റ്
ഒരു വശത്ത് നാടിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾക്ക് എഴുതിക്കൊടുക്കുകയും, പ്രകൃതി ദുരന്തങ്ങളിലും വിലക്കയറ്റത്തിലും സാധാരണക്കാരൻ ശ്വാസം മുട്ടുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നവർ തന്നെയാണ് 'ദേശീയതയുടെ അളവുകോലുമായി' വരികൾ എണ്ണാൻ ഇറങ്ങിയിരിക്കുന്നത്!
ദേശീയ ഗാനത്തിന്റെയോ വന്ദേമാതരത്തിന്റെയോ വരികളുടെ എണ്ണം നോക്കിയല്ല ഒരാളുടെ ദേശസ്നേഹം അളക്കേണ്ടത്. മറിച്ച്, ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ വയറു നിറയുന്നുണ്ടോ, അടിയാളന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നോക്കിയാണ്.
തീവ്ര ദേശീയതയുടെ അതിരൂക്ഷമായ കടന്നുകയറ്റങ്ങൾ ഉണ്ടായപ്പോഴൊക്കെ മുൻകാല സഖാക്കൾ ഓർമ്മിപ്പിച്ചത് ഒന്നേയുള്ളൂ—"എണ്ണയില്ലാത്ത വിളക്കിൽ തിരിയിട്ടതുകൊണ്ട് വെളിച്ചം വരില്ല." ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ സഹായിക്കൂ.
ഇവിടുത്തെ മണ്ണും വായുവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാതെ കാത്തുസൂക്ഷിക്കുന്നതാണ്, കഷ്ടപ്പെടുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ വന്ദേമാതരം. വരികൾ കാണാതെ പഠിക്കുന്നതിലുമെത്രയോ മുകളിലാണ് സ്വന്തം നാടിനോടും ജനങ്ങളോടുമുള്ള ആത്മാർത്ഥത. അതില്ലാത്തവരോട് വരികളുടെ എണ്ണം പറഞ്ഞ് തർക്കിക്കുന്നതിൽ കാര്യമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates