തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. എല്ലാവരും ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. ഇവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം നിലച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
'മൂന്ന് പേര്‍ ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. അടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ജയിലില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നത്. സിപിഎം നേതാക്കളായ മൂന്ന് പേരും ജയിലില്‍ നിന്ന് ഇറങ്ങും. ഇവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം നിലച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. തെളിവുകള്‍ പലതും കിട്ടിയിട്ടില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തിരുത്തിയാണ് ദ്വാരപാലക ശില്‍പ്പം കൊണ്ടുപോയത്. തിരുത്തിയ ലെറ്ററിന്റെ ഫോറന്‍സിക് പരിശോധന പോലും നടത്തിയത് മൂന്ന് ദിവസം മുന്‍പാണ്. അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഒരു തെളിവും ഉണ്ടാവില്ല. എല്ലാം തെളിവുകളും നശിപ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ഏങ്ങും എത്താതെ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നടത്തുന്നത്.'- വി ഡി സതീശന്‍ പറഞ്ഞു.
'ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. കോടതി വിമര്‍ശിച്ചത് എസ്‌ഐടിയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എസ്‌ഐടി അന്വേഷണം മരവിപ്പിച്ചു. കോടതി തന്നെ പറഞ്ഞു അന്വേഷണം മന്ദഗതിയിലാണെന്ന്. അന്വേഷണം മുന്നോട്ടുപോകാത്തത് കൊണ്ടാണ് പ്രതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി ജാമ്യം ലഭിച്ചത്. കുറ്റപത്രം നല്‍കാത്തത് കൊണ്ട് ഇവര്‍ക്ക് ജാമ്യം ലഭിക്കുമെന്ന് കോടതി തന്നെ വിമര്‍ശിച്ചു. കോടതി പറഞ്ഞ കാര്യം തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. യുഡിഎഫിന്റെ കാലത്തെ കുറിച്ച് അന്വേഷിക്കണോ? അന്വേഷിക്കട്ടെ. അന്ന് ഹൈക്കോടതി പ്രതിനിധിയായ അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് വാഞ്ചി വാഹനം കൈമാറിയത്. അത് ശരിയാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ട്. ഇതിന്റെ ചുമതല വഹിച്ച അഡ്വക്കേറ്റ് കമ്മീഷണറെ കോടതി അഭിനന്ദിച്ചിട്ടുമുണ്ട്. ആ വിധി നമ്മുടെ കൈയില്‍ ഉണ്ട്. 2019ല്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിയോട് കൂടിയാണ് സ്വര്‍ണക്കൊള്ള നടന്നത്'- വി ഡി സതീശന്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates