pinarayi vijayan- v d satheesan 
Kerala

'വല്ലാത്തൊരു പൂതിയാണ് കേട്ടോ', 'പറഞ്ഞാല്‍ തിരിച്ചുപറയും'; സഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് വി ഡി സതീശനും പിണറായിയും

പി എം ശ്രീ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്. ആര്‍എസ്എസ് വിഷസര്‍പ്പങ്ങള്‍ക്കു മുന്നില്‍ വച്ച വിളക്കു കൊളുത്തിയത് ഇടതുസര്‍ക്കാര്‍ ആണെന്നും പിഎം ശ്രീ പിന്‍വലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും പിന്നീടു വേണ്ടെന്നു വച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. തടഞ്ഞുവെച്ച സര്‍വശിക്ഷാ അഭിയാന്റെ 1500 കോടിയിലധികം രൂപ കിട്ടാന്‍ വേണ്ടിയാണ് അന്ന് ഒപ്പുവെച്ചത്. എസ്എസ്എയുടെ ഫണ്ട് കിട്ടാതെ വന്നാല്‍ അത് കേരളത്തെ മുഴുവന്‍ ബാധിക്കും. ഒപ്പുവെച്ച് പണം വാങ്ങാനാണ് ശ്രമിച്ചത്. ആ ശ്രമം ശരിയല്ല എന്ന് പിന്നീട് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് മരവിപ്പിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ പദ്ധതി നടപ്പാക്കാനില്ലെന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 'എട്ടുമാസ കാലം ഈ പദ്ധതി നടപ്പാക്കാനില്ലെന്ന് പറഞ്ഞ് ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയില്ല. ഇതില്‍ ഒപ്പുവെയ്ക്കില്ല എന്ന നയപരമായ തീരുമാനത്തെ ആര്‍എസ്എസ് വിഷസര്‍പ്പമാണ് എന്ന് പറഞ്ഞവര്‍ കീഴടങ്ങി ഒപ്പുവെച്ചു. നിങ്ങള്‍ ഒരു സബ് കമ്മിറ്റിയെ വെച്ചു. ഞങ്ങളും ഒരു മന്ത്രിതല സമിതിയെ വെച്ചു. ഞങ്ങള്‍ നടപ്പാക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. മന്ത്രിമാരുടെ കമ്മിറ്റിയെ വെച്ച് തീരുമാനമെടുത്തു. പാഠ്യപദ്ധതിയില്‍ തൊടാന്‍ സമ്മതിക്കില്ല. സ്‌കൂള്‍ തെരഞ്ഞെടുപ്പും ഞങ്ങള്‍ ചെയ്യും. ഒരു സിലബസിലും തൊടാന്‍ അനുവദിക്കില്ല'- മുഖ്യമന്ത്രി പറഞ്ഞു

പ്രസംഗത്തിനിടെ ബിജെപി എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാനും മുഖ്യമന്ത്രി മറന്നില്ല. ബിജെപിയിലെ മൂന്ന് നേതാക്കള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു മറുപടി. ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ രണ്ടു സീനിയര്‍ നേതാക്കളില്‍ ഒരാള്‍ രണ്ടാമത്തെ ബെഞ്ചിലും ഒരാള്‍ മൂന്നാമത്തെ ബെഞ്ചിലും ഇരിക്കുന്നത്. യോജിപ്പായത് കൊണ്ടാണല്ലോ. സിപിഎമ്മില്‍ എല്ലാ ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന കാര്യങ്ങള്‍. പ്രതിപക്ഷ നേതാവ് ആയി ഞാന്‍ വന്നപ്പോള്‍ എന്നെ ആരും ചോദ്യം ചെയ്തില്ല. ഇവിടെ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും ചോദ്യം ചെയ്യുകയാണ് അണികളും നേതാക്കളും. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തര്‍ക്കം ഉണ്ടാവും. എന്നേക്കാള്‍ യോഗ്യതയുള്ള ആളുകള്‍ ഇതില്‍ ഉണ്ട്. ഞാന്‍ മുഖ്യമന്ത്രിയായെന്ന് മാത്രം.'- വി ഡി സതീശന്‍ പറഞ്ഞു.

'വല്ലാത്തൊരു പൂതിയാണ് കേട്ടോ. ഇവിടെ ഞാനോ ഞങ്ങളോ ആദ്യമായിട്ട് നേരിടുന്നതല്ല. നന്നായി ചിരിക്കുന്നല്ലോ. ചിരിക്കുന്നവരെല്ലാം മനസിലായിക്കോ. നിങ്ങളെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഞങ്ങളെ കൊത്തികീറി വലിച്ചുകീറുകയായിരുന്നു. അന്നൊന്നും ഞങ്ങള്‍ തകര്‍ന്നുപോയിട്ടില്ല. നേരിട്ട് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഞങ്ങള്‍ ഈ സ്ഥാനത്ത് പാടില്ല എന്ന് പാര്‍ട്ടിയിലെ ആരും ആരോപിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. സിപിഎം തകരുമെന്ന് പറഞ്ഞ് നിങ്ങള്‍ മോഹിച്ച് നില്‍ക്കണ്ട കേട്ടോ.' - പിണറായി വിജയന്‍ മറുപടി നല്‍കി.

'ഞങ്ങളുടെ കാര്യം നിങ്ങളുടെ ആളുകള്‍ പറഞ്ഞപ്പോള്‍ അങ്ങ് എഴുന്നേറ്റുനിന്ന് ഒന്നും പറഞ്ഞില്ലല്ലോ. എന്റെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പ്രകോപിതനായില്ല. ചിരിച്ച് കൊണ്ട് കേട്ടിരുന്നു. ഞങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് പറഞ്ഞാല്‍ മറുപടി കിട്ടും. എന്റെ പാര്‍ട്ടിയെ കുറിച്ചും മുന്നണിയെയും കുറിച്ച് പറഞ്ഞാല്‍ തിരിച്ചുപറയും'- വി ഡി സതീശന്‍ തിരിച്ചടിച്ചു.

കരിമണല്‍ ഖനനത്തില്‍ യു ടേണ്‍ ആണെന്ന പ്രചാരണം തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സതേണ്‍ ഇക്കണോമിക് കോറിഡോര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ്. കോള്‍ ഇന്ത്യ ലിമിറ്റഡ്, കെഎംഎംഎല്‍, കെല്‍ട്രോണ്‍, ടൈറ്റാനിയം, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. ഖനനമില്ല മറിച്ച് വാല്യൂ അഡീഷന്‍ നടത്തി കോടികള്‍ വരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ പോക്കറ്റ് കാലിയാകാതെ ഖജനാവ് നിറയ്ക്കും. കേരളാ മോഡല്‍ മന്ദിച്ചിരിക്കുകയാണെന്നും നിയോ കേരളാ മോഡല്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പദ്ധതികള്‍ അനാവശ്യമായി ഇഴയാന്‍ സമ്മതിക്കില്ലെന്നും നിക്ഷേപകര്‍ക്കായി ഏകജാലക സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പ്രോട്ടോക്കോള്‍ കൊണ്ടുവരും. കേരളത്തിലേക്കു വരുന്ന നിക്ഷേപകര്‍ക്കു തിരിച്ചു പോകേണ്ടിവരില്ല. എല്ലാ മേഖലയിലും സ്വകാര്യനിക്ഷേപം വേണമെന്നും സ്വകാര്യപങ്കാളത്തിത്തോടെ ആണ് വികസനം വരേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

VD Satheesan and Pinarayi clash in the assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

സാമ്പത്തിക തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ഇടുക്കിയിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി കടുപ്പിച്ചു; പൂപ്പാറയിലും സൂര്യനെല്ലിയിലും വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കി

കൊളംബിയക്കെതിരെ ജയിക്കണം, ഗ്രൂപ്പ് ചാമ്പ്യനാകണം; പറങ്കിപ്പടയ്ക്ക് സാധ്യതകളിങ്ങനെ

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത; എച്ച്എൽഎൽ ലൈഫ്‌കെയറിൽ ട്രെയിനി നിയമനം