vd satheesan 
Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

അപേക്ഷ ലഭിച്ചാൽ മാത്രം തുടർനടപടിയെന്ന് സർക്കാർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും, അത്തരം നീക്കങ്ങൾക്ക് യാതൊരുവിധ നിയമസാധുതയും ഉണ്ടാകില്ലെന്നും ചോദ്യോത്തരവേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള കപ്പൽ ഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരികൾ കൈമാറാൻ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിദേശ നിക്ഷേപ നീക്കത്തെക്കുറിച്ച് സർക്കാരിന് ഇതുവരെ ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പും ഷിപ്പിങ് കോർപ്പറേഷനുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കരാർ വ്യവസ്ഥ ലംഘിക്കാനാകില്ല; കത്ത് നൽകാൻ അദാനി ഗ്രൂപ്പ്

തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതിനാൽത്തന്നെ ഇത്തരം വൻ തോതിലുള്ള നിക്ഷേപങ്ങൾക്കും പങ്കാളിത്തങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്.

അതേസമയം, നിലവിലെ ധാരണാപത്രപ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങൾ മാത്രമാണ് ഇതെന്നാണ് അദാനി കമ്പനിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി സർക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നൽകും. ഇന്നോ നാളെയോ തന്നെ സർക്കാരിന് അപേക്ഷ സമർപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. കമ്പനി ഔദ്യോഗികമായി അനുമതി തേടി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമായിരിക്കും ഇതിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.

കേരളത്തിന്റെ രണ്ടാംതലമുറ വികസന സ്വപ്നം; മുൻഗണന മലബാറിനും

വിഴിഞ്ഞം പോർട്ട് സിറ്റി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ച 'വിഷൻ സമുദ്ര'യും കേരളത്തിന്റെ രണ്ടാംതലമുറ വികസന സ്വപ്നങ്ങൾക്ക് വലിയ കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന്റെ വികസനത്തിനൊപ്പം തന്നെ മലബാറിലെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ നവീകരണത്തിനും വികസന പ്രവർത്തനങ്ങൾക്കും സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയ്ക്ക് ഉറപ്പുനൽകി.

Chief Minister V.D. Satheesan certified in the State Assembly on Wednesday that the Adani Group must secure prior approval from the state government before transferring any shares of the Vizhinjam International Seaport to foreign entities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ റെക്കോര്‍ഡും തകർക്കും?; ഗോള്‍വേട്ട തുടര്‍ന്ന് എംബാപ്പെ, ആറടിച്ച് മെസിക്കൊപ്പം

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം; 'പി എം റാഹത്ത്' പദ്ധതി കേരളത്തില്‍ നടപ്പാക്കും

പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാര

ഹാളണ്ടിന്റെ മികവില്‍ നോര്‍വെ; ഐവറി കോസ്റ്റിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറില്‍; ഇനി എതിരാളി കാനറികള്‍

സെന്‍സസ് കണക്കെടുപ്പ് ഇന്നു മുതല്‍ ; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും, അധ്യാപകര്‍ ശനിയും ഞായറും ഡ്യൂട്ടി ചെയ്താല്‍ മതി