തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 18 രാവിലെ 10.45-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്.
തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. 8 വ്യവസായ ക്ലസ്റ്ററുകൾ, 3 പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന 'പോർട്ട് സിറ്റി' എന്ന കാഴ്ചപ്പാടാണ് മിഷൻ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്.
തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
സ്പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് സമ്പൂർണ്ണ പ്രവർത്തനങ്ങളിലേക്ക് തുറമുഖം കടക്കുന്നത്.
പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.
എക്സിം സേവനങ്ങൾ ആരംഭിക്കുന്നത് ഈ മേഖലയിൽ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയുടെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കും. തിരുവനന്തപുരത്തും സമീപ ജില്ലകളിലും നേരിട്ടുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് വഴിയൊരുക്കും.
2031-ഓടെ പൊതു നിക്ഷേപത്തിന്റെ പത്തിരട്ടിയെങ്കിലും വർദ്ധിപ്പിക്കാൻ മിഷൻ സമുദ്രയ്ക്ക് സാധിക്കുമെന്ന് കണക്കുകൂട്ടുന്നു. വ്യവസായം, ലോജിസ്റ്റിക്സ്, സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ആകർഷിക്കുന്നതിനൊപ്പം തുറമുഖ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, വ്യാപാരം, നിർമ്മാണം, അനുബന്ധ നഗര സേവനങ്ങൾ എന്നിവയിലുടനീളം സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.
ഒരു 'ഉപഭോക്തൃ സംസ്ഥാനം' എന്ന നിലയിൽ നിന്ന് കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന നിർമ്മാണ-കയറ്റുമതി ഹബ്ബാക്കി മാറ്റാൻ തുറമുഖത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോർട്ട് ചാർജുകൾ എന്നിവയിലൂടെ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിൽ നിന്നുമുള്ള വൻകിട കയറ്റുമതികൾ കൂടുതലും വിഴിഞ്ഞം വഴിയാകും. 20 മുതൽ 24 മീറ്റർ വരെ അസാധാരണമായ സ്വാഭാവിക ആഴമുള്ള ഈ തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. കൂടാതെ, കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഗതിയെത്തന്നെ മാറ്റിയെഴുതുമെന്ന് വിലയിരുത്തപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates