കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, കലക്ടര്‍ മുമ്പാകെ വി കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി ജഗദംബികയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 22 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പ്രിയ പ്രശാന്തിന് ആറു വോട്ടുകളും ലഭിച്ചു. ദീപ്തിമേരി മോള്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പിന് ശേഷം മിനിമോളെ അഭിനന്ദിച്ചു.
വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും, ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ചുമതലയേറ്റശേഷം മിനിമോള്‍ പറഞ്ഞു. ഇടതുമുന്നണി ഭരണം തകര്‍ത്താണ് യുഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടിയത്. മേയര്‍ പദവിയില്‍ ടേം അവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates