Was Satheesan wrong about Anwar in Nilambur by election? New controversy in Congress  TV Visual File
Kerala

അൻവറി​ന്റെ കാര്യത്തിൽ സതീശന് തെറ്റുപറ്റിയോ? കോൺ​ഗ്രസിൽ പുതിയ വിവാദം

അൻവർ യു ഡി എഫിനൊപ്പം നിന്നെങ്കിൽ ഇപ്പോൾ ലഭിച്ചതിന് പുറമെ 17,000 മുതൽ 19,000 വോട്ട് വരെ കൂടുതൽ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമായിരുന്നു. അതായത് അങ്ങനെ വന്നുവെങ്കിൽ എൽ ഡി എഫിന് ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത ആ​ഘാതം നൽകാൻ സാധിക്കുമായിരുന്നു. ആര്യാടൻ മുഹമ്മദ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷമാകുമായിരുന്നു അത് ഒരു കോൺ​ഗ്രസ് നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കിയിട്ടും, പിവി അന്‍വര്‍ പിടിച്ച വോട്ടുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു വഴി തുറക്കുന്നു. ഇരുപതിനായിരത്തോളം വോട്ടുകള്‍ പിടിച്ച അന്‍വറിനെ കൂടെനിര്‍ത്തേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് നല്ലൊരു വിഭാഗം നേതാക്കളും. ഇവരുടെ ഈ വിലയിരുത്തലിന്‍റെ വിമര്‍ശന മുന നീളുന്നതാവട്ടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേര്‍ക്കും.

ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുമെന്നും അതിൽ വൻ വിജയം കരസ്ഥമാക്കുമെന്നും യു ഡി എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. സിറ്റിങ് എം എൽ എ ആയിരുന്ന പി വി അൻവർ ഭരണകക്ഷിയുമായി തെറ്റി 2025 ജനുവരിയിൽ രാജിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുവർഷം തികച്ച് ഇല്ലാതിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

പി വി അൻവർ, യു ഡിഎഫിനൊപ്പം ഉറച്ചു നിന്ന് സർക്കാരിനെതിരെ പോരാടുകയായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം വരെ. എന്നാൽ, അതിനു ശേഷം കാര്യങ്ങൾ പൊടുന്നനെ മാറിമറിഞ്ഞു. പി വി അൻവറിനെ യു ഡി എഫിൽ അസോസിയേറ്റ് അം​ഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം അൻവറി​ന്റെ സ്ഥാനാർത്ഥിത്വത്തില്‍ എത്തി. അൻവറിനെ ഒഴിവാക്കരുതെന്നും അത് കോൺ​ഗ്രസിന് ലഭിക്കാവുന്ന ജയത്തി​ന്റെ തിളക്കം കുറയ്ക്കുമെന്നും ഒരു വിഭാഗം കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഭരണകക്ഷി എം എൽ എ ആയിരിക്കെ മുതൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള അൻവറിനെ കൂടെ കൂട്ടാൻ സതീശന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരം കത്തി നിൽക്കുന്നത് കൊണ്ട് ആരെ നിർത്തിയാലും ജയിക്കുമെന്ന വിശ്വാസം യു ഡി എഫിനുണ്ടായിരുന്നു താനും. മാത്രമല്ല, അൻവർ സ്വതന്ത്രനായി നിന്ന് വോട്ട് പിടിച്ചാൽ അത് ബാധിക്കുക ഇടതുപക്ഷ സ്ഥാനാർത്ഥിയെയായിരിക്കും എന്നും അവർ കണക്കുകൂട്ടി.

യു ഡി എഫിൽ നിന്ന് അൻവറിന് വോട്ട് കിട്ടാൻ സാധ്യതയുള്ള ഏകപ്രദേശം വഴിക്കടവ് പഞ്ചായത്താണ്. ലീ​ഗി​ന്റെ കോട്ടയാണെങ്കിലും അവിടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും അൻവർ മോശമല്ലാത്ത വോട്ട് നേടി. അൻവറിന് അവിടെയുള്ള വ്യക്തിപരമായ ബന്ധമായിരുന്നു അതിന് അടിസ്ഥാനം. അതുപക്ഷേ, ആര്യാടൻ ഷൗക്കത്തിന് അവിടെ ഭൂരിപക്ഷം നേടുന്നതിന് തടസ്സമായില്ലെന്ന് ലീ​ഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

PV Anvar

അൻവർ പിടിക്കുന്ന ഇടതുപക്ഷ വോട്ടുകൾ ആര്യാടൻ ഷൗക്കത്തി​ന്റെ ഭൂരിപക്ഷം കൂട്ടുമെന്നായിരുന്നു സതീശ​ന്റെയും കൂട്ടരുടെയും കണക്ക്. എന്നാൽ, അൻവർ പിടിച്ച വോട്ട് ആര്യാടൻ ഷൗക്കത്തി​ന്റെ ഭൂരിപക്ഷം കുറയ്ക്കുകയായിരുന്നുവെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. 25,000 മുതൽ 30,000 വോട്ട് വരെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 12,000 വോട്ടിന് താഴെ ഭൂരിപക്ഷം, 11,077 വോട്ട്.

ഇതേ സമയം അൻവർ പിടിച്ചത്, 19,946 വോട്ട്. അൻവർ പിടിച്ച വോട്ടിൽ ചെറിയൊരു ശതമാനം യു ഡി എഫ് വോട്ടുകൾ ഉണ്ടാകും. അത് ഏറിയാൽ രണ്ടായിരം വോട്ടിന് താഴെ മാത്രമേ വരുകയുള്ളൂ. അൻവറിന് സ്വന്തമായി അയ്യായിരം വോട്ടെങ്കിലും ഈ മണ്ഡലത്തിൽ പിടിക്കാൻ കഴിയും. ഇത് രണ്ടും മാറ്റി നിർത്തിയാൽ അദ്ദേഹം പിടിച്ച 12,000ഓളം വോട്ട് എൽ ഡി എഫിന് ലഭിക്കേണ്ടതായിരുന്നു. അത് അൻവർ യു ഡി എഫിനൊപ്പം നിന്നിരുന്നുവെങ്കിൽ ഇപ്പോൾ ലഭിച്ചതിനേക്കാൾ 17,000 മുതൽ 19,000 വോട്ട് വരെ കൂടുതൽ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമായിരുന്നു. അതായത് അങ്ങനെ വന്നുവെങ്കിൽ എൽ ഡി എഫിന് ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത ആ​ഘാതം നൽകാൻ സാധിക്കുമായിരുന്നു. ആര്യാടൻ മുഹമ്മദ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷമാകുമായിരുന്നു അത് - ഒരു കോൺ​ഗ്രസ് നേതാവ് പറഞ്ഞു.

കോൺ​ഗ്രസ് കേരളത്തിൽ 100 സീറ്റ് നേടി അധികാരത്തിലെത്തിയ 2001 ലാണ് നിലമ്പൂരിൽ ആര്യാടൻ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത്. 21,620 വോട്ട്. ഇടതുപക്ഷം 2006 ൽ വലിയ തരം​ഗത്തിൽ ജയിച്ചപ്പോഴും ആര്യാടൻ മുഹമ്മദി​ന്റെ ഭൂരിപക്ഷം 18,000 ആയിരുന്നു. മണ്ഡലത്തി​ന്റെ ഭൂമിശാസ്ത്രം മാറിയിട്ടും 2011ലും അദ്ദേഹത്തിന് അയ്യായിരത്തിലേറെ ഭൂരിപക്ഷം നേടാനായി. ഇതെല്ലാം മറികടന്നുള്ള വിജയത്തിളക്കം ഷൗക്കത്തിനും യു ഡി എഫിനും കിട്ടുമായിരന്നു, അൻവർ കൂടെയുണ്ടായിരുന്നുവെങ്കിൽ. അതുകൊണ്ടാണ് കെ പി സി സി പ്രസിഡ​ന്റ് സണ്ണിജോസഫ് അൻവറിന് മുന്നിൽ വാതിലുകൾ അടഞ്ഞിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞത്. അതായത് അൻവറി​ന്റെ കാര്യത്തിൽ സതീശൻ സ്വീകരിച്ച കടുംപിടുത്തം തെറ്റായിപ്പോയി എന്ന് തന്നെയാണ് കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾക്കുള്ള അഭിപ്രായം. അൻവർ പിടിച്ച വോട്ടുകൾ സതീശ​ന്റെ നിലപാട് തെറ്റായിരുന്നുവെന്നു തന്നെയാണ് വ്യക്തമാക്കുന്നത്- അദ്ദേഹം പറഞ്ഞു.

അന്‍വര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനിലുള്ള വിജയം യുഡിഎഫിന് ലഭിക്കുമായിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താന്‍ പറഞ്ഞത്. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അതിലേക്ക് എത്തിയേനെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ഈ വിവാദത്തിലേക്ക് വെളിച്ചം വീശുന്ന പ്രസ്താവനയായിരുന്നു. അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ശ്രമം നടക്കാതെ പോയി എന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരിൽ ഭൂരിപക്ഷം കിട്ടി വിജയിച്ചു. ഇതു യു ഡി എഫി​ന്റെ കൂട്ടായ പരിശ്രമത്തി​ന്റെ ജയമാണ്. ഇക്കാര്യങ്ങൾ യു ഡി എഫ് നേതാക്കൾ പറയുന്നുണ്ട്. പക്ഷേ, കെ പി സിസി പ്രസിഡ​ന്റും യു ഡി എഫ് കൺവീനറും നടത്തിയ ശ്രമങ്ങൾ കാണാതിരിക്കരുത്. പ്രതിപക്ഷ നേതാവും യുഡി എഫ് ചെയർമാനുമായ സതീശൻ നടത്തിയ നീക്കങ്ങളുണ്ടാക്കിയ പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ പരിഹരിച്ചത് പ്രസിഡ​ന്റും കൺവീനറും നടത്തിയ സമയോചിത ഇടപെടലുകളായിരുന്നു. പ്രത്യേകിച്ച് ക്രൈസ്തവ മേഖലകളിലും ബി ഡി ജെ എസിന് സ്വാധീനമുള്ള മേഖലകളിലും. ഈ ഇടപെടൽ നടത്തിയില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനെ- അദ്ദേഹം അവകാശപ്പെട്ടു. ‌

ഇതിലേറ്റവും വലിയ ഘടകമായി പ്രവർത്തിച്ചത് ലീ​ഗ് പ്രവർത്തകരും നേതാക്കളുമാണ്. അവർ താഴെത്തട്ടിൽ വളരെയധികം പണിയെടുത്തു. ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി ബന്ധവും അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനകളും അത് മുസ്ലിം സമുദായത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങളും മാറ്റാൻ ലീ​ഗ് അണികൾ നടത്തിയ പ്രവർത്തനമാണ് ഷൗക്കത്തിനെ വിജയിപ്പിച്ചത്. അത് കാണാതിരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ജയം സ്വന്തമാക്കാനാണ് സതീശൻ ആദ്യം മുതൽ നടത്തിയ ശ്രമങ്ങളെന്ന ആരോപണം കോൺ​ഗ്രസിനുള്ളിൽ തന്നെ പുകയുന്നുണ്ട്. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് ജയവും പരാജയവും ഒരു വ്യക്തിയുടേതല്ല എന്ന് വ്യക്തമാക്കിയത്. സണ്ണിജോസഫ് ഇന്ന് ഇക്കാര്യം മറ്റൊരു രീതിയിൽ പറഞ്ഞു. സതീശനിസം എന്നൊന്നില്ല എന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടതും നിലമ്പൂരിലെ ക്രെഡിറ്റ് ഒരാൾ കൊണ്ടുപോകുന്നത് അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിൽ നിന്നാണ്- കെ പി സി സിയുടെ ഒരു മുൻപ്രസിഡ​ന്റുമായി അടുപ്പമുള്ള നേതാവ് അഭിപ്രായപ്പെട്ടു.

വിജയത്തി​ന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നുള്ള സതീശ​ന്റെ പ്രസ്താവനെയയും സംശയത്തോടെ തന്നെയാണ് എതിർഭാ​ഗത്തുള്ള നേതാക്കൾ കാണുന്നത്. കാരണങ്ങൾ പലതാണ്, അൻവറിനെ, യു ഡി എഫിനോട് അടുപ്പിക്കണമെന്ന് മറ്റ് നേതാക്കൾ പറഞ്ഞു കഴിഞ്ഞ ശേഷവും അൻവറി​ന്റെ കാര്യം ചോദിച്ചപ്പോൾ നോ കമ​ന്റസ് എന്നായിരുന്നു വി ഡി സതീശൻ മാധ്യമങ്ങൾക്ക് നൽകിയ മറുപടി.

Was Satheesan wrong about Anwar in Nilambur by election? New controversy in Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT