Wayanad Township Facebook
Kerala

വയനാട് ടൗൺഷിപ്പ്; ഏഴ് വീടുകളുടെ താക്കോൽ കൈമാറി, താമസം 178 വീടുകളും പൂർത്തിയായ ശേഷമെന്ന് കുടുംബങ്ങൾ

178 വീടുകളിലും ഒന്നിച്ച് മാത്രമേ താമസിക്കൂവെന്നാണ് ദുരന്തബാധിതരുടെ തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

കൽപറ്റ: മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ സർക്കാർ കൈമാറി. 178 വീടുകളില്‍ എല്ലാ പരിശോധനകളും പൂർത്തിയായ വീടുകളാണ് കൈമാറിയത്.

എന്നാല്‍ മുഴുവൻ വീടുകളിലെയും പണി പൂർത്തിയായി എല്ലാവരും ഒരുമിച്ച് മാത്രമേ താമസം തുടങ്ങൂ എന്ന് താക്കോൽ കിട്ടിയ കുടുംബങ്ങൾ അറിയിച്ചു. അതേസമയം ഘട്ടം ഘട്ടമായി ക്ലസ്റ്റർ അനുസരിച്ച് മുഴുവൻ വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ച് ഒന്നിന് തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തുവെങ്കിലും ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ഇത് ആദ്യമായാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലെ ഏഴ് വീടുകള്‍ ആണ് കൈമാറിയത്. എന്നാല്‍ 178 വീടുകളിലും ഒന്നിച്ച് മാത്രമേ താമസിക്കൂവെന്നാണ് ദുരന്തബാധിതരുടെ തീരുമാനം.

ഊരാളുങ്കലും കിഫ്കോണും നടത്തുന്ന മൂന്ന് ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി താക്കോല്‍ നല്‍കുന്നത്. 178 ല്‍ 56 വീടുകളില്‍ രണ്ട് ഘട്ട പരിശോധനയാണ് ഇതുവരെ പൂര്‍ത്തിയായത്. ആദ്യഘട്ടത്തിലെ 178 വീടുകളും മഴക്കാലത്തിന് മുൻപ് പരിശോധനകള്‍ നടത്തി കൈമാറാനാണ് ശ്രമം. ക്ലസ്റ്ററുകളായി വരും ദിവസങ്ങളിലും കൈമാറ്റം നടക്കുമെന്ന് ഊരാളുങ്കല്‍ അറിയിച്ചു.

കിഫ്കോണ്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഓരോഘട്ട പരിശോധനയും പൂർത്തിയാകുന്നത്. അതിനാല്‍ 178 വീടുകൾ പൂര്‍ണതോതില്‍ മെയ് മാസത്തില്‍ താമസയോഗ്യമാകാൻ സാധ്യതയില്ലെന്നാണ് സൂചന. ദുരിന്ത ബാധിതർക്കായി മുസ്ലീംലീഗ് നിർമിച്ച 51 വീടുകളില്‍ ഗൃഹപ്രവേശനം കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സർക്കാർ ടൗണ്‍ഷിപ്പില്‍ ഏഴ് വീടുകളുടെ താക്കോല്‍ കൈമാറിയത്.

2024 ജൂലൈ 30 നു നടന്ന ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ട് വാടകവീടുകളിലും താത്കാലിക ഷെല്‍ട്ടറുകളിലും താമസിക്കുന്ന 178 കുടുംബങ്ങള്‍ക്കായാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. എത്രയും പെട്ടെന്ന് അവര്‍ക്ക് താമസയോഗ്യമാംവിധം പണിപൂര്‍ത്തിയാക്കുമെന്നാണ് അധികാരികള്‍ അറിയിക്കുന്നത്.

Wayanad Township government hand over keys of 7 houses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ല'; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയ്ക്ക് തുടക്കം

സ്വര്‍ണ വിലയില്‍ വര്‍ധന; ഒറ്റയടിക്ക് 1800 രൂപ കൂടി

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

'കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് മൂവരും, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആര്‍എസ്എസ് ശാഖകളിലേക്ക് പോകണം'

പുന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞു; പുതിയ 100 ഏക്കർ ആനത്താവളം വരുന്നു

SCROLL FOR NEXT