ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് ഹൈക്കമാന്‍ഡ് നിരീക്ഷകനായ അജയ് മാക്കന്‍. എല്ലാവരുമായും സംസാരിച്ചു. എംഎല്‍എമാർ ഓരോരുത്തരുമായി സംസാരിച്ച് അഭിപ്രായങ്ങള്‍ തേടി. അത് രേഖപ്പെടുത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി നിയമസഭാകക്ഷിയോഗം പ്രമേയവും പാസ്സാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഘടകകക്ഷികള്‍ നിലപാട് പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ക്ക് ഇതില്‍ ഒരു റോളുമില്ലെന്നായിരുന്നു അജയ് മാക്കന്റെ മറുപടി. അതേസമയം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി വന്ന ഫോട്ടോ, മറ്റൊരു നിരീക്ഷകനായ മുകുള്‍ വാസ്‌നിക് നിഷേധിച്ചു. ഫോട്ടോയിലുള്ളത് വസ്തുതയല്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള എംഎല്‍എമാര്‍ ആരെ പിന്തുണച്ചു എന്നതു രേഖപ്പെടുത്തിയ ചിത്രമാണ് പുറത്തു വന്നത്.
അതിനിടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാന്‍ഡി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നാളെ നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളെ അനുനയിപ്പിക്കാന്‍, ഉപമുഖ്യമന്ത്രി, ആഭ്യന്തരം അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്‌തേക്കാം. മുഖ്യമന്ത്രി സ്ഥാനം അല്ലെങ്കില്‍ ഒരു പദവിയിലേക്കുമില്ല എന്ന നിലപാടില്‍ വിഡി സതീശന്‍ ഉറച്ചു നില്‍ക്കുമോയെന്നും വ്യക്തതയില്ല. വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണയുണ്ടെന്നാണ് കെസി വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നത്. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates