കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായിരുന്ന അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. രാഷ്ട്രീയം ജാതി അധിഷ്ഠിതമായതിന്റെ തെളിവാണിത്. രണ്ടു ക്രിസ്ത്യാനികള്‍ ഉയര്‍ന്ന പദവിയില്‍ ഇരുന്നാല്‍ എന്താണ് പ്രശ്‌നം?. കോണ്‍ഗ്രസിന്റെ ഏത് ജനാധിപത്യ മൂല്യമാണ് ഇല്ലാതാകുക?. ജാതി അധിഷ്ഠിത കേരളത്തിന് കോണ്‍ഗ്രസ് ജന്മം കൊടുക്കുന്നു എന്നും കല്‍പ്പറ്റ നാരായണന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം മകനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പ്രസ്താവനയെ കല്‍പ്പറ്റ നാരായണന്‍ വിമര്‍ശിച്ചിരുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ മകനും കമ്യൂണിസ്റ്റുകാരന്‍ ആകണമെന്ന് ആഗ്രഹിക്കുമെന്നും, അയാള്‍ ഒന്നിലും ഇടപെടാത്ത സമ്പന്നനായി ജീവിക്കുന്ന ഒരാളാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കമ്യൂണിസ്റ്റ് ജീവിതം തെരഞ്ഞെടുത്ത നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയല്‍ ആണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
വടകരയിൽ നടന്ന ആർജെഡി നേതാവ് കെ.കെ രാഘവന്റെ അനുസ്മരണ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കൽപ്പറ്റ നാരായണൻ വിമർശനം ഉന്നയിച്ചത്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. മകനെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates