Pulsar Suni 
Kerala

പള്‍സര്‍ ബൈക്കുകളോട് പ്രിയം, സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടന്‍; പള്‍സര്‍ സുനിയെന്ന കൊടും ക്രിമിനല്‍

നടിയെ പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷനെടുത്ത സംഘത്തിന്റെ തലവന്‍ എന്ന നിലയിലാണ് കേരളം പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസ്, നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിധി പറഞ്ഞിരിക്കുകയാണ്. കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും വ്യക്തമാക്കി. ഒന്നാം പ്രതി സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നടിയെ പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വൊട്ടേഷനെടുത്ത സംഘത്തിന്റെ തലവന്‍ എന്ന നിലയിലാണ് കേരളം പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്. നടിയെ ആക്രമിച്ച കേസ് പുറത്തുവന്ന ദിവസം മുതല്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പേരായിരുന്നു എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനി.

2017 ഫെബ്രുവരി 17-ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം നടിയെ ആക്രമിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു പ്രതികള്‍ കുറ്റകൃത്യം നടപ്പാക്കിയത്. തൃശ്ശൂരില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ പള്‍സര്‍ സുനിയും സംഘവും ട്രാവലര്‍ വാനില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് സുനിയും സംഘവും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.

പെരുമ്പാവൂര്‍ ഐമുറി സ്വദേശിയായ സുനില്‍ കുമാറിന് പള്‍സര്‍ ബൈക്കുകളോടുള്ള കമ്പമാണ് 'പള്‍സര്‍ സുനി'യെന്ന പേര് ലഭിക്കാനിടയാക്കിയത്. സുനിക്കുട്ടന്‍ എന്ന പേരിലാണ് സിനിമാക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായും കാവ്യ മാധവന്റെ ഡ്രൈവറായും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരവും കേസിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കേരളം തിരിച്ചറിയും മുന്‍പ് തന്നെ പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു പള്‍സര്‍ സുനി. മോഷണവും പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ സ്വഭാവം മൂലമാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് നടന്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കിയിരുന്നു.

ലഹരി വില്‍പന കേസില്‍ നേരത്തെ ആറ് മാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട് സുനില്‍. മോഷണക്കേസുകള്‍ ആക്രമണങ്ങള്‍ തുടങ്ങിയ കേസുകളില്‍ സ്ഥിര സാന്നിധ്യമായതോടെ കോടനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സുനി ഉള്‍പ്പെട്ടു.

ഇതിനിടെയാണ് സിനിമ മേഖലയില്‍ സുനി എത്തുന്നത്. സെറ്റിലെ വാഹനങ്ങളുടെ ഡ്രൈവറായിട്ടായിരുന്നു പ്രധാന പ്രവര്‍ത്തനം. പല കേസുകളിലും പ്രതിയായി കഴിയുന്നതിനിടയിലായിരുന്നു പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. 2013ല്‍ സുനിയെ പറഞ്ഞുവിട്ടെന്നായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തല്‍.

നടിമാര്‍ക്കെല്ലാം സുപരിചിതനായ പള്‍സര്‍ സുനിയെ ആക്രമണം നടന്ന ദിവസം ഇരായായ നടിയും തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുനിയെ അറസ്റ്റ് ചെയ്തതും നാടകീയ രംഗങ്ങളോടെ ആയിരുന്നു. സുനിക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് സുനിയെ ബലം പ്രയോഗത്തിലൂടെ പിടികൂടിയത്.

പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ ഇയാളും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പള്‍സര്‍ സുനിക്ക് ദിലീപ് 2015-ല്‍ തന്നെ ഒരുലക്ഷം രൂപ അയച്ചുനല്‍കിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയായിരുന്നു ജാമ്യം നല്‍കിയത്. ഏഴരവര്‍ഷത്തിനിടെ പത്തുതവണ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ച്ചയായി ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി ഒരിക്കല്‍ 25,000 രൂപ പിഴയുമിട്ടു. ജാമ്യഹര്‍ജി തള്ളിയതിന്റെ മൂന്നാംദിവസം തന്നെ വീണ്ടും ജാമ്യഹര്‍ജി നല്‍കിയതാണ് കോടതിയെ അന്ന് ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഏഴ് വര്‍ഷത്തെ വിചാരണ തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി പിന്നീടും കേസുകളില്‍ പ്രതിയായി. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം നടത്തിയതിനായിരുന്നു പൊലീസ് നടപടി.

Actress Attack Case Verdict: M S Sunil aka Pulsar Suni was a trusted driver at Malayalam film sets until February 2017, when a gang led by him abducted an actor and raped her in a moving vehicle at Athani near Nedumbassery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ഇതുവരെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ; പകുതി ബാഗേജുകളും തിരിച്ചുനല്‍കി ഇന്‍ഡിഗോ

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

ഇ- കാർഡുകൾ വാങ്ങുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കണമെന്ന് കുവൈത്ത്

SCROLL FOR NEXT