റേഡിയോ കോളർ ഘടിപ്പിക്കുന്നു, Wild elephant 
Kerala

ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു; റേഡിയോ കോളർ ഘടിപ്പിച്ച് കരിമ്പാനി കാട്ടിൽ വിട്ടു

മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ മോഴയാനയെയാണ് വനമേഖലയിലേക്ക് തിരികെ വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ​പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു. മലയാറ്റൂർ ഡിവിഷനിലെ കോടനാട് റെയ്ഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതി പരത്തിയ മോഴയാനയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്. ​ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി.

വ്യാഴാഴ്ച രാവിലെ 5.30ഓടെയാണ് വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി ബാബു (എവിഎഫ്ഒ, അഭയാരണ്യം ആന പുനരധിവാസ കേന്ദ്രം, കോടനാട്), ഡോ. മിഥുൻ ഒവി (എവിഎഫ്ഒ തൃശൂർ) എന്നിവരുടെ നേതൃത്വത്തിൽ ദൗത്യം ആരംഭിച്ചു. 8.30ഓടെ ആനക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടർന്ന് ഉച്ചക്ക് 2.00 നും വൈകീട്ട് 3.30നും വീണ്ടും മയക്കുവെടി വെച്ച് ആനയെ പൂർണമായും നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ആനയെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. പരിക്ക് സ്ഫോടക വസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി ചികിത്സ പൂർത്തിയാക്കി.

വൈകീട്ട് 5.00 ഓടെ ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. റേഡിയോ കോളറിൽ നിന്നു ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കും. ആന ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ ഇത് സഹായിക്കും.

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കടേശ്വരൻ, കോടനാട് റെയ്ഞ്ച് ഓഫീസർ (അഡീഷണൽ ചാർജ്) ലുധീഷ് ഇബി‌, തുണ്ടത്തിൽ റെയ്ഞ്ച് ഓഫീസർ നിഖിൽ ജേറോം, കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസർ മുരളീദാസ് വിപി, മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചർ ദിധീഷ്, ആർആർടി മലയാറ്റൂർ ഡെപ്യൂട്ടി റേഞ്ചർ അബിൻ, സെൻട്രൽ സർക്കിളിലെ കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ സിപി, എൻജിഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. മലയാറ്റൂർ ആർആർടി, മേയ്ക്കാപ്പാല, ഭൂതത്താൻകെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച നേച്ചർ സ്റ്റഡി സെൻ്റർ - അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ ശ്രീ ജ്യോതിഷ് ജെ ഒഴക്കൽ, കോടനാട് റേഞ്ച് ഓഫീസർ ഇ ബി ലുധീഷ് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും പ്രദേശവാസികളുമായും നടത്തിയ യോഗത്തിൽ ദൗത്യത്തിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

The wild elephant, which had been frequently entering residential areas in Pindimana and Kuttampuzha (Kottappady) panchayats and causing extensive damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്തയാഴ്ച; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ബിജെപി

പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ₹2500, തത്കാലിന് ₹5000; നിരക്ക് കുത്തനെ ഉയര്‍ത്തി കേന്ദ്രം

'ഫ്രീ യാത്ര'യിൽ 'സീറ്റില്ല'! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ; പുരുഷന്മാർക്കും സംവരണം വേണമെന്ന് ആവശ്യം

എൽപിജിയിൽ ഹോട്ടലുകൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് തമ്മിൽത്തല്ലി കൗൺസിലർമാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍