തിരുവനന്തപുരം: ബലാത്സംഗക്കേസിൽപ്പെട്ട എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. വിഷയം ഇന്ന് സമിതി ചർച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കൂടി പരിഗണിച്ച ശേഷമായിരിക്കും സമിതി അന്തിമ തീരുമാനം എടുക്കുക.
യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല. സംഘടനാ കാര്യങ്ങളാണ് സമിതിയിൽ ഇന്ന് പ്രധാന ചർച്ച. പൊതു രാഷ്ട്രീയ സ്ഥിതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി മുകേഷ് വിഷയവും ചർച്ചയാകും. അതിനിടെ ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെയായ കേസ് ചർച്ചയായില്ല.
സിപിഎം രാജി ആവശ്യം അംഗീകരിച്ചേക്കില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്സ്‌ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി മുകേഷിന്‍റെ അറസ്റ്റ് സെപ്റ്റംബർ മൂന്ന് വരെ തടഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജിയെ ചൊല്ലി സിപിഎമ്മിൽ തന്നെ ഭിന്നതയുണ്ട്. ആരോപണ വിധേയരായ കോൺഗ്രസ് എംഎൽഎമാർ പദവിയിൽ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളിയിരുന്നു.
അതേസമയം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎൽഎക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ഇന്നലെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates