KFDC Launches 'Work From Forest' Initiative in Gavi and Suryanelli AI Generated Image
Kerala

ചുവരുകള്‍ക്കപ്പുറം വന്യതയുടെ ഭംഗി; ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' ഒരുക്കി കെഎഫ്ഡിസി

ശാന്തവും ഏകാന്തവുമായ അന്തരീക്ഷത്തില്‍ തടസ്സമില്ലാതെ പണിയെടുക്കാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

Author : ഉണ്ണികൃഷ്ണന്‍ എസ്‌
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: നഗരങ്ങളിലെ ചതുരവടിവിലുള്ള ഓഫീസുകളില്‍ നിന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്നും മാറി വനത്തിന്റെ പച്ചപ്പില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎഫ്ഡിസി). പ്രകൃതിരമണീയമായ വനാന്തരങ്ങളില്‍ തൊഴിലെടുക്കാന്‍ അവസരം നല്‍കുന്ന പുതിയ 'വോര്‍ക്കേഷന്‍' (Workation) പദ്ധതിക്ക് കെഎഫ്ഡിസി തുടക്കമിട്ടു.

വര്‍ക്ക് ഫ്രം ഹോം രീതിയില്‍ മുറിക്കുള്ളിലോ കഫേകളിലോ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ശാന്തവും ഏകാന്തവുമായ അന്തരീക്ഷത്തില്‍ തടസ്സമില്ലാതെ പണിയെടുക്കാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മുന്നോട്ടുവെച്ച ആശയത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. വനമേഖലയ്ക്ക് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പുതിയ നിര്‍മാണങ്ങളൊന്നും നടത്താതെ നിലവിലുള്ള വിശ്രമകേന്ദ്രങ്ങള്‍ അത്യാധുനിക രീതിയില്‍ പുതുക്കിപ്പണിയുകയാണ് കെഎഫ്ഡിസി ചെയ്തത്.

കാടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ലഭിക്കുമോ എന്ന സംശയത്തിന് നൂതന സാങ്കേതികവിദ്യയിലൂടെയാണ് അധികൃതര്‍ പരിഹാരം കണ്ടത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍, ശബരിമലയില്‍ നിന്ന് ഹൈ-സ്പീഡ് ബീംഡ് ഇന്റര്‍നെറ്റ് (beamed internet) ഗവിയിലേക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയില്‍ 500 Mbps വരെ വേഗതയുള്ള ഇന്റര്‍നെറ്റും ലഭ്യമാക്കിയിട്ടുണ്ട്.

ജനറേറ്റര്‍ ബാക്കപ്പുള്ളതിനാല്‍ കറന്റ് പോയി കണക്ഷന്‍ തടസ്സപ്പെടുമെന്ന ഭയമില്ലാതെ സുഗമമായി വീഡിയോ കോളുകളില്‍ പങ്കെടുക്കാനും വലിയ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും സാധിക്കും. റൂമുകളില്‍ കൂടുതല്‍ പവര്‍ പോയിന്റുകള്‍, ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള ടിവി, പ്രത്യേക ഡിസ്‌കഷന്‍ റൂമുകള്‍ എന്നിവയ്ക്ക് പുറമേ, പുല്‍ത്തകിടികളില്‍ തമ്പടിച്ചോ വരാന്തകളില്‍ ഇരുന്നോ ജോലി ചെയ്യാവുന്ന രീതിയില്‍ ഔട്ട്ഡോര്‍ റൂട്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നാടന്‍ ഭക്ഷണവും, അണ്‍ലിമിറ്റഡ് ചായയും കാപ്പിയും ഈ പാക്കേജില്‍ ലഭിക്കും.

ലാപ്ടോപ്പ് അടച്ചുവെച്ചാല്‍ പിന്നെ നേരെ കാടിന്റെ അനുഭവങ്ങളിലേക്ക് ഇറങ്ങാം എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ജോലി സമയത്തിന് ശേഷം കാട്ടുപാതകളിലൂടെ ഗൈഡുകള്‍ക്കൊപ്പമുള്ള നടത്തം, ബോട്ടിങ്, പക്ഷിനിരീക്ഷണം, രാത്രിയിലെ നക്ഷത്ര നിരീക്ഷണം തുടങ്ങിയ വിനോദങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ടയിലെ മഞ്ഞുമൂടിയ ഗവിയില്‍ 4 ഡ്യുപ്ലെക്‌സ് മുറികളിലായി 8 പേര്‍ക്കും, മൂന്നാറിന് അടുത്തുള്ള സൂര്യനെല്ലിയില്‍ 3 മുറികളിലായി 6 പേര്‍ക്കുമാണ് നിലവില്‍ തങ്ങാന്‍ സൗകര്യമുള്ളത്. 3 രാവും 4 പകലും നീളുന്ന പാക്കേജിന് ഒരു മുറിക്ക് 14,000 രൂപയാണ് (നികുതി പുറമെ) നിരക്ക്. രണ്ടുപേര്‍ക്ക് ഒരു മുറി പങ്കിടാമെന്നതിനാല്‍ ഒരാള്‍ക്ക് ഏകദേശം 7,000 രൂപ ചെലവില്‍ കാടിന്റെ നിശബ്ദതയില്‍ ഇരുന്ന് ജോലി ചെയ്യാനും പ്രകൃതിയെ തൊട്ടറിയാനും ഈ 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' പദ്ധതി അവസരമൊരുക്കുന്നു.

From Cubicles to Canopies: KFDC Launches 'Work From Forest' Initiative in Gavi and Suryanelli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോയ് മാത്യുവിന് പിന്തുണ ലഭിച്ചില്ല, അവസാന നിമിഷം വരെ ബ്ലെസി പരിഗണനയില്‍, കല്‍പ്പറ്റയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി

അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 560 രൂപ ഉയര്‍ന്നു

3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ അഞ്ച് പാക് പൗരന്മാര്‍ പിടിയില്‍

യുഎന്‍ യൂണിവേഴ്‌സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം