കൊച്ചി: മഹാരാജാസ് കോളജ് ബിരുദവിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ‐എസ്ഡിപിഐ പ്രവർത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കൽപറമ്പിൽ നവാസ് (39), ചുള്ളിക്കൽ സ്വദേശി ജെഫ്രി (30) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
അക്രമിസംഘത്തെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്തവരാണ് നവാസും ജെഫ്രിയുമെന്ന്.അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടക്കുന്പോൾ ഇരുവരും കോളജിനു സമീപമുണ്ടായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. ഇവരുടെ സഹായം കൊലയാളിസംഘത്തിനു ലഭിച്ചതായും പോലീസ് കരുതുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണു രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദിനെയും മറ്റുള്ളവരെയുംകുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇവർ കേരളം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഉൾപ്പെടെ നൂറിലേറെപ്പേരുടെ സാമൂഹിക മാധ്യമ ഇടപെടലുകളും ഫോണ് വിളികളും കൊച്ചി സിറ്റി പോലീസിന്റെ സൈബർസെൽ വിഭാഗം അന്വേഷിച്ചുവരുന്നു.
സംഭവദിവസവും അതിനുമുന്പും പ്രതികളെ ഫോണിൽ വിളിച്ചവരുടെയും പ്രതികൾ ബന്ധപ്പെട്ടവരുടെയും പ്രതികളുമായി ബന്ധമുള്ള മറ്റുള്ളവരുടെയും ഫോണ്നന്പറുകളും മറ്റു വിവരങ്ങളും സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. കൊല്ലപ്പെടുന്നതിനു മുന്പ് അഭിമന്യുവിന്റെ ഫോണിലേക്കു വന്ന കോളുകളും വിശദമായി പരിശോധിക്കുകയാണ്. ഇടുക്കി വട്ടവടയിലായിരുന്ന അഭിമന്യുവിനെ കോളജിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
കൊലയ്ക്കു മുന്പു പ്രതികളടക്കം അഭിമന്യുവിനെ വിളിച്ചതായും സൂചനയുണ്ട്. പ്രതികളുടെ സാന്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണസംഘം പരിശോധന തുടങ്ങി. പ്രതികളിൽ മിക്കവരും എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പശ്ചാത്തലമുള്ളവരാണെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇവർക്കു നിരോധിത സംഘടനകളിൽനിന്നോ മറ്റു തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളിൽനിന്നോ സാന്പത്തികസഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് അധികൃതർ അന്വേഷിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കലടക്കമുള്ള നടപടികൾക്കും നീക്കമുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചും ഇതരസംസ്ഥാനങ്ങളിലും പ്രതികൾക്കായി തെരച്ചിൽ നടന്നുവരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates