തിരുവനന്തപുരം : അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാഖി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളുമൊത്ത് നടത്തിയ തെളിവെടുപ്പിലാണ് വസ്ത്രങ്ങള്‍ കണ്ടെടുക്കാനായത്. ചിറ്റാറ്റിന്‍കരയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വസ്ത്രങ്ങള്‍.
ഇതോടെ രാഖിയുടെ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു എന്ന പ്രതികളുടെ മൊഴി കളവെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഖി പ്രതി അഖിലിനെ കാണാന്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളിലുള്ള വസ്ത്രങ്ങള്‍ തന്നെയാണ് കണ്ടെടുത്തതെന്നാണ് സൂചന.
പൊലീസ് കണ്ടെടുത്ത വസ്ത്രങ്ങളില്‍ രക്തക്കറയുണ്ട്. എറണാകുളത്തേക്ക് രക്ഷപ്പെടും വഴി വഴിയില്‍ ഉപേക്ഷിച്ചതാണ് വസ്ത്രങ്ങള്‍ എന്നാണ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. രാഖിയുടെ വസ്ത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു. രാഖിയെ പൂര്‍ണമായും നഗ്നയാക്കിയശേഷം ഉപ്പു വിതറിയാണ് പ്രതികള്‍ മൃതദേഹം മറവു ചെയ്തത്.
രാഖിയുടെ ഫോണിന്റെ പൊളിച്ച നിലയിലുള്ള ഭാഗങ്ങൾ ഇന്നലെ അമ്പൂരി വാഴിച്ചൽ ഭാഗത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നു പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ കളിവിളാകം ഭാഗത്തെ വയലിലെ കുറ്റിക്കാട്ടിൽ നിന്നാണ് ഫോണിന്റെ മൂന്ന് ഭാഗങ്ങൾ കണ്ടെടുത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു.
അമ്പൂരി,വാഴിച്ചൽ, പേരേകോണം എന്നിവിടങ്ങളിലൂടെയായിരുന്നു തെളിവെടുപ്പ്.കുറ്റിക്കാടിനുള്ളിൽ നിന്നു മണിക്കൂറുകൾ തിരഞ്ഞാണ് സ്മാർട്ട് ഫോൺ ഭാഗങ്ങൾ കണ്ടെടുത്തത്. രണ്ടാം പ്രതി രാഹുൽ ആണ് ഫോൺ ഭാഗങ്ങൾ ഉള്ളയിടം ചൂണ്ടിക്കാണിച്ചതെന്നു പൊലീസ് പറഞ്ഞു.
കൃത്യത്തിനു ശേഷം, വഴിയിൽ സൂക്ഷിച്ച ബൈക്ക് എടുത്തു പോകുമ്പോൾ ഈ ഭാഗത്താണു പൊളിച്ച നിലയിലുള്ള ഫോൺ ഭാഗങ്ങൾ ഉപേക്ഷിച്ചതെന്ന് പ്രതിയിൽ പറഞ്ഞു. കൈകൊണ്ടു പൊളിച്ചുവെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. സികാർഡ്, മെമ്മറി കാർഡുണ്ടെങ്കിൽ അത് എന്നിവ കണ്ടെടുക്കേണ്ടതുണ്ട്. ഫോൺ മെമ്മറിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാനാകുമോ എന്നും പൊലീസ് പരിശോധിക്കും.
ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളനുസരിച്ച് മൂന്നാം പ്രതി ആദർശിന് കൃത്യത്തിലുള്ള പങ്ക് ആദ്യം മുതൽക്കേ ഉണ്ടെന്നു അറിയാനായതായി പൊലീസ് സൂചിപ്പിച്ചു. കൃത്യം സംബന്ധിച്ച ആലോചന, കുഴിയെടുക്കൽ, യുവതി കയറിയ കാറിൽ മറ്റു പ്രതികൾക്കൊപ്പം അമ്പൂരിയിൽ നിന്നു ആദർശും കാറിൽ കയറിയെന്നാണ് മറ്റു പ്രതികളിൽ നിന്നുള്ള മൊഴികളെന്ന് പൂവാർ പൊലീസ് പറഞ്ഞു. ഒന്നാം പ്രതി യുവതിയുമായി കാറിൽ വരുമ്പോൾ രണ്ടാം പ്രതി രാഹുലുമായി ആദർശ് ബൈക്കിൽ കാത്തു നിൽക്കുകയായിരുന്നുവെന്നും കൃത്യത്തിനു ശേഷമാണ് പ്രതികളിലൊരാൾ ബൈക്കെടുത്തതെന്നും ചോദ്യം ചെയ്യലിൽ നിന്നു വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖിമോളെ(30) കൊലപ്പെടുത്തിയ കേസിൽ സഹോദരന്മാരായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ(24), ജ്യേഷ്ഠൻ രാഹുൽ(27)സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ കണ്ണൻ എന്നുവിളിക്കുന്ന ആദർശ്(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മുഖ്യപ്രതി അഖിലിന്റെ പിതാവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates