Kerala

'ആ ചെരിപ്പൂരിടീന്‍ ചെരിപ്പൂരിടീന്‍, മൂപ്പര് ഒരു മനുഷ്യനാണ്, കല്ലല്ല'; വേങ്ങരക്കാരുടെ ഇഷ്ട റിങ്‌ടോണിന്റെ കഥ ഇങ്ങനെ 

ആളുകള്‍ ഡിങ്കിയില്‍ കയറാനായി സ്വന്തം പുറം ചവിട്ടുപടിയായി നല്‍കിയപ്പോള്‍ മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ നടത്തുന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രളയക്കെടുതിയില്‍ ഒരുപാടുപേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ജൈസല്‍ ഇന്ന് താരമാണ്. ലോകം സ്‌നേഹപൂര്‍വ്വം നെഞ്ചോടു ചേര്‍ത്ത് പിടിച്ച് പേരാണ് ജൈസലിന്റേത്. ആളുകള്‍ ഡിങ്കിയില്‍ കയറാനായി സ്വന്തം പുറം ചവിട്ടുപടിയായി നല്‍കിയപ്പോള്‍ മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ നടത്തുന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 'ആ ചെരിപ്പൂരിടീന്‍ ചെരിപ്പൂരിടീന്‍, മൂപ്പര് ഒരു മനുഷ്യനാണ്, കല്ലല്ല. അത് ങ്ങള് ശ്രദ്ധിക്കണം പ്രത്യേകം!' വേങ്ങരയിലെ ചായക്കടയിലോ അതുവഴി കടന്നുപോകുന്ന ബസിലോ ഇങ്ങനെയൊരു അഭ്യര്‍ഥന പെട്ടെന്ന് കേട്ടാല്‍ അമ്പരക്കേണ്ട. പല വേങ്ങരക്കാരുടെയും ഇഷ്ട റിങ്‌ടോണ്‍ ആണിത്.

പ്രളയദിനങ്ങളിലൊന്നില്‍, രക്ഷാപ്രവര്‍ത്തകന്‍ ജൈസല്‍, ആളുകള്‍ക്ക് ഡിങ്കിയില്‍ കയറാനായി സ്വന്തം പുറം ചവിട്ടുപടിയായി നല്‍കിയപ്പോള്‍ നയീം ബാപ്പു എന്ന മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ നടത്തുന്ന അഭ്യര്‍ഥനയാണത്. ലോകം സ്‌നേഹപൂര്‍വം നെഞ്ചോടു ചേര്‍ത്ത ജൈസലിന്റെ വിഡിയോ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ആ നയീം ബാപ്പുവാണ്. സൗദിയില്‍നിന്ന്  മൂന്നു മാസത്തെ അവധിക്ക് വേങ്ങര മുതലമാട്ടിലെ വീട്ടിലെത്തിയ പ്രവാസിയാണ് നയീം ബാപ്പു. 

വാട്ട്‌സാപിലെ കുടുംബഗ്രൂപ്പിലും  ഫെയ്‌സ്ബുക്കിലുമാണ് നയീം വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. കേരളത്തിന്റെ അതിജീവനത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെ സമര്‍പ്പണത്തിന്റെയും പ്രതീകമായി മാറിയ ആ വിഡിയോയുടെ ശബ്ദശകലമാണ്, വേങ്ങരയിലെ ചിലര്‍ റിങ്‌ടോണ്‍ ആക്കിയിരിക്കുന്നത്.

ബോട്ടില്‍ ആദ്യം കയറിയവര്‍ക്കാര്‍ക്കോ അല്‍പ്പം കനമുള്ള ചെരിപ്പുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചെരിപ്പ് ഊരാന്‍ ആവശ്യപ്പെട്ടതെന്ന് നയീം പറഞ്ഞു. പക്ഷേ, ജീവനും കൊണ്ടോടുന്നവരോട് ചെരുപ്പഴിക്കാന്‍ പറയുന്നത് മര്യാദകേടാണെന്ന് ജൈസല്‍ തന്നെ വ്യക്തമാക്കിയിരുന്നു. നാലുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനമാണ് സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പൊലീസും ചേര്‍ന്ന് വേങ്ങര മുതലമാട്ടില്‍ നടത്തിയത്.
 
26 ദിവസം പ്രായമായ കുഞ്ഞു മുതല്‍ എഴുപത് വയസ്സു പിന്നിട്ടവര്‍ വരെ പൊലീസ്, എന്‍ഡിആര്‍എഫ്, ട്രോമാ കെയര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കര പറ്റി. ട്രോമാ കെയര്‍ ലീഡര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലായിരുന്നു ജൈസല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു