തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി മൂന്നുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടി മരിച്ചത് ചികിത്സ കിട്ടാതെയാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. കുഞ്ഞിനെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും ചികിത്സ നിഷേധിച്ചതായി കുടുംബം ആരോപിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
എന്നാല്‍ നിയന്ത്രിത മേഖലയില്‍ നിന്ന് വന്നത് കൊണ്ട് തിരികെ അയച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചോറും പഴവും നല്‍കാന്‍ പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് കുട്ടിയെ തിരിച്ചയച്ചത്. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates