Kerala

കാലവര്‍ഷക്കെടുതി; നഷ്ടം 8316 കോടി: പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം

 പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകള്‍ പ്രകാരം നഷ്ടപരിഹാരം തുലോം പരിമിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണം. 

1924നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്. 

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടായത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പോരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ കേമ്പുകളിലാണ്. കേന്ദ്രസേനാ വിഭാഗങ്ങളുടെയും എന്‍.ഡി.ആര്‍.എഫിന്റെയും സഹായത്തോടെ സംസ്ഥാന ഭരണസംവിധാനം പൂര്‍ണ്ണമായി ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുയാണ്. സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും കണക്കുകളും താമസിയാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT