കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചത് കോവിഡ് കാലമാണെന്ന് പോലും മറന്ന് കൈമെയ് മറുന്നു പ്രവര്‍ത്തിച്ച പ്രദേശവാസികളുടെ കൃത്യമായ ഇടപെടലുംകൂടി കൊണ്ടാണ്. അപകട സമയം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഓടിനടന്ന നാട്ടുകാര്‍ തന്നെയാണ് ഭൂരിപക്ഷം ആളുകളെയും ആശുപത്രികളിലെത്തിച്ചത്. ദുരന്തമുഖത്ത് പതറാതെ ഒരുമിച്ച മനുഷ്യരെ വാഴ്ത്തുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ദുരന്തം നേരിട്ട് കണ്ട്, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അധ്യാപകന്റെ ഒരു കുറിപ്പാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയം. വിമാനത്താവളത്തില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജലീല്‍ എന്ന അധ്യാപകന്റെ കുറിപ്പാണിത്.
ജലീലിന്റെ കുറിപ്പ് വായിക്കാം
പ്രിയമുള്ളവരേ,
എയര്‍ പോര്‍ട്ടില്‍ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോള്‍ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്‌നേപി വിചാരിച്ചിട്ടില്ല. ഇതെഴുതുമ്പോഴും അപകടത്തിന്റെ നേര്‍സാക്ഷ്യത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. 5മണിക്കെത്തിയ ഷാര്‍ജ ഫ്‌ലൈറ്റിലെ യാത്രക്കാരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.
നാലഞ്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോള്‍ വിളിച്ച പി.സി. ബാബു മാഷുമായി ഞാന്‍ ഇനി എനിക്ക് എയര്‍പോര്‍ട്ട് ഡ്യൂട്ടി മതി എന്ന തമാശ പങ്കുവെച്ചപ്പോള്‍ മാഷ്‌ക്ക് ഇപ്പോ ടീച്ചര്‍മാരെ വേണ്ട എയര്‍ ഹോസ്റ്റസുമാരെ മതി എന്ന് പോലീസുകാര്‍ കളിയാക്കി. അങ്ങനെ തമാശകള്‍ പറഞ്ഞിരിക്കുമ്പോഴാണ് വിമാനം 7 മണിക്കാണെന്നും പിന്നെ 7.15 എന്നും പിന്നെ 7.30 എന്നും ഡിസ്‌പ്ലേ കാണിക്കുന്നത്. അപ്പോഴാണ് പോലീസുകാരുടെ ഹാന്‍ഡ് സെറ്റില്‍ വിമാനം ക്രാഷ് ലാന്റിംഗ് എന്ന വോയ്‌സ് മെസേജ് വരുന്നത്. ഉടനെ എല്ലാവരും എഴുന്നേറ്റോടി. അപ്പോഴേക്കും എമര്‍ജന്‍സി ഡോര്‍ തുറന്നു വെച്ചിരുന്നു.
കനത്ത മഴയില്‍ കുതിക്കുന്ന എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ പിന്നാലെ റണ്‍വേയാടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു.
അവിടെ എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. റണ്‍വേയും അതു കഴിഞ്ഞുള്ള സ്ഥലവും കടന്ന് 20 മീറ്ററിലധികം കുത്തനെ താഴ്ചയുള്ള കരിങ്കല്‍ കെട്ടും കടന്ന് താഴെയുളള മതിലിലിടിച്ചാണ് വിമാനം നില്‍ക്കുന്നത്. കനത്ത മഴ വിമാനം തീ പിടിക്കാതെ കാത്തു. ഒപ്പം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ നിര്‍ത്താതെ വെള്ളം പമ്പു ചെയ്യുന്നുണ്ടായിരുന്നു.
ഉടനെത്തന്നെ ഞങ്ങള്‍ എയര്‍പോര്‍ട്ട് ടാക്‌സിക്കാര്‍ക്ക് വിളിച്ച് മുഴുവന്‍ ടാക്‌സികളോടും റണ്‍വേയിലൂടെ വരാതെ പുറത്ത് വന്ന് എയര്‍പോര്‍ട്ട് ചുറ്റി പുറത്തെ റോഡിലെത്താന്‍ പറഞ്ഞു. കുത്തനെയുള്ള സ്ഥലം വഴി താഴൊട്ടിറങ്ങാന്‍ സാധിക്കുകയില്ല. അപ്പോഴേക്കും അപ്പുറത്തെ പ്രദേശവാസികള്‍ പൊളിഞ്ഞ മതില്‍ വഴി അകത്തു കടന്ന് ജീവന്‍ പണയം വെച്ച് വിമാനത്തിനുള്ളില്‍ വലിഞ്ഞുകയറി കിട്ടുന്നവരെയെല്ലാം പുറത്തേക്കെത്തിച്ചു. കിട്ടിയവരെക്കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു. അപ്പോഴേക്കും ഫയര്‍ഫോഴ്‌സ് വാതിലൊക്കെ കട്ട് ചെയ്ത് സ്‌ട്രെച്ചറുകള്‍ അകത്തെത്തിച്ചു. മൂന്ന് മണിക്കൂറിലെ കഠിന പ്രയത്‌നത്തിനൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും ആശുപത്രികളിലെത്തിച്ചു. അല്ലെങ്കില്‍ മരണ സംഖ്യ മൂന്നക്കം എത്തിയേനെ.
ഇനിയാണ് പറയാതിരിക്കാനാവാത്ത കാഴ്ചകള്‍. ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍, യാത്രക്കാരോട് മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ഫേസ് ഷീല്‍ഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പോലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്‌സി ഡ്രൈവര്‍മാര്‍, രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ, ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോള്‍ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കന്‍മാര്‍..
ദുരന്ത മുഖത്തെ ഇങ്ങനത്തെ ചില കാഴ്ചകള്‍ മറക്കില്ല. കോവിഡില്ല, സാമൂഹ്യ അകലമില്ല, ആര്‍ക്കും ഒരു പേടിയുമില്ല, ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാന്‍ തനിക്കായാല്‍ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യര്‍.
ഇന്ന് രാവിലെ കൊണ്ടോട്ടിയിലെ ആശുപത്രക്കു മുന്നില്‍ കണ്ട ഒരു കാഴ്ച കൂടി വിട്ടു പോയിക്കൂടാ. എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്‌ലാസ്‌കില്‍ ചായയും നിറച്ച് വാര്‍ഡില്‍ ഓടി നടക്കുന്ന ഒരു മധ്യ വയസ്‌കന്‍. ഇങ്ങനെ മനുഷ്യന്‍ എന്ന മഹാപദത്തിന്റെ മുഴുവന്‍ അര്‍ഥവും ആവാഹിച്ച കുറെ സാധാരണക്കാര്‍.
നമിക്കണം അവരെ നാം ഒരു തത്വചിന്തകര്‍ക്കും ഇവര്‍ നല്‍കുന്ന ദര്‍ശനം പഠിപ്പിക്കാനാവില്ല. കൈകളുടെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. ചില സുഹൃത്തുക്കള്‍ പറഞ്ഞത് ഞാന്‍ ഏറ്റു പറയട്ടെ.
ഒരു കൊണ്ടോട്ടിക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയുള്ള ' മനഷ്യര്‍' ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതി ജീവിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates