തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരോൾ കഴിഞ്ഞും പുതുതായി എത്തുന്ന തടവുകാരെയും അഡ്മിഷൻ ബ്ലോക്കിൽ പ്രത്യേകം താമസിപ്പിക്കാനും തീരുമാനം. സെൻട്രൽ ജയിലുകളിൽ ഐസലേഷൻ വാർഡുകൾ തയാറാക്കാനും തീരുമാനമുണ്ട്.
പുറത്തു നിന്നെത്തുന്ന തടവുകാരെ ആറ് ദിവസത്തേയ്ക്കാണ് നിരീക്ഷണത്തിനായി അഡ്മിഷൻ വിഭാഗത്തിൽ പ്രത്യേകം താമസിക്കുകയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. ഇവരെ സ്റ്റോർ, അടുക്കള, ടവർ, ഒാഫിസ് എന്നിവടങ്ങളിൽ അയക്കാൻ പാടില്ല. പ്രത്യേക നിരീക്ഷണത്തിന് മുതിർന്ന തടവുകാരെ സൂപ്പർവൈസർമാരായി നിയമിക്കും. മെഡിക്കൽ ഒാഫീസറും ആരോഗ്യ പ്രവർത്തകരും എല്ലാ ദിവസവും പതിവ് ഒപി കഴിഞ്ഞ് ഈ തടവുകാരെ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കണം. തടവുകാർക്കും ജീവനക്കാർക്കുമിടയിൽ മാസ്ക് വങ്ങലും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ ജയിലിനുള്ളിൽ മാസ്ക് കൗണ്ടറും സംഭരണ യൂണിറ്റും ആരംഭിക്കാനും നിർദേശമുണ്ട്.
തുപ്പുന്നത് തടഞ്ഞു കൊണ്ട് ബോർഡുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. ഔദ്യോഗിക നിയന്ത്രണമില്ലെങ്കിലും തടവുകാരെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താവുന്നതാണ്. അതതു സ്ഥലത്തെ സാഹചര്യമനുസരിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് വിഷയത്തിൽ നടപടി സ്വീകരിക്കാം. ജയിലിനുള്ളിൽ ബോധവത്കരണത്തിനെത്തുന്ന വിവിധ സംഘടനാ പ്രവർത്തകരെയും നിരീക്ഷിക്കും.
ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്നവരെയും മറ്റു ജയിലിലേയ്ക്കു കൊണ്ടു പോകുന്നവരെയും പരമാവധി പകൽ മാത്രം മാറ്റും. കൊറോണ ബാധിത പ്രദേശങ്ങളിൽ കേസുകൾക്കു പോകുന്ന പ്രതികൾ, അവർക്കൊപ്പമുള്ള ജീവനക്കാരെയും തിരിച്ചത്തുമ്പോൾ പ്രത്യേകം നിരീക്ഷിച്ചു റിപ്പോർട്ടു ചെയ്യണമെന്നും തീരുമാനമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates