ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. അഞ്ചാം വാർഡിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടർ നടപടിയെടുത്തത്. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നേരത്തേ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുമുള്ള യാത്രയ്ക്കും ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ വഴി യാത്രക്കാർ വാഹനം നിർത്തി ഇറങ്ങുവാനോ ഇവിടെ നിന്ന് ആളുകളെ കയറ്റുവാനോ പാടുളളതല്ല.
അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എട്ട് മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങളിലും ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല.
ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates