ചേര്‍ത്തല: ചേര്‍ത്തല ദിവാകരന്‍ കൊലക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിനാണ് ആലപ്പുഴ ഫാസ്റ്റ്ര ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ആര്‍ ബൈജുവിനു പുറമേ വി സുജിത്, എസ് സതീഷ് കുമാര്‍, പി പ്രവീണ്‍, എം ബെന്നി, എന്‍ സേതുകുമാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ബൈജു. വ്യാജ വീസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബൈജു ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുമാണ്.
2009 നവംബര്‍ 29നാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെഎസ് ദിവാകരനു നേരെ ആക്രമണമുണ്ടായത്. കയര്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണു ആക്രമണത്തിലെത്തിയത്. തലയ്ക്ക് അടിയേറ്റ ദിവാരകരന്‍ ഡിസംബര്‍ ഒന്‍പതിനു മരിച്ചു.
കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉത്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ എത്തിയെങ്കിലും മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ ദിവാകരന്‍ തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങുവാന്‍ തയാറായില്ല. എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം ഇവിടെ വച്ചിട്ട് പോയി. അന്ന് ഉച്ചയ്ക്ക്‌ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചിക്കുകയും തര്‍ക്കങ്ങള്‍ക്ക് ഇടയാവുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നായിരുന്നു കേസ്.
സിപിഎം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ബൈജുവിനെ സിപിഎം നീക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates