Kerala

പഴ്‌സ് നഷ്ടമായി; കൊറോണ പേടിയില്‍ അകറ്റി നിര്‍ത്തി; മൂന്ന് വയസുകാരനുമായി ഒറ്റപ്പെട്ട വിദേശ വനിതയ്ക്ക് തണലായി പൊലീസ്

'ഭക്ഷണം കഴിച്ചിട്ടില്ല. പണമടങ്ങിയ പഴ്‌സ് നഷ്ടമായി.  കൊറോണ ബാധിതരാണെന്ന് കരുതി എല്ലാവരും ഭീതിയോടെയാണ് കാണുന്നത്. ഞങ്ങള്‍ക്ക് കൊറോണയില്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഫ്രഞ്ച് യുവതി ഡെസ്മാസുര്‍ ഫ്‌ലൂറിനെയും മൂന്നുവയസ്സുള്ള മകന്‍ താവോയെയും പൊലീസ് കണ്ടെത്തുന്നത്. ഐസൊലേഷനില്‍നിന്നു ചാടിപ്പോയ വിദേശവനിതയും കുട്ടിയും മെഡിക്കല്‍ കോളജ് പരിസരത്തിരിക്കുന്നുവെന്നായിരുന്നു പൊലീസിനു കിട്ടിയ ഫോണ്‍സന്ദേശം. ആരും സഹായത്തിനെത്താതെ വിശന്നുവലഞ്ഞ അവസ്ഥയിലായിരുന്നു ഇവര്‍. 

'ഭക്ഷണം കഴിച്ചിട്ടില്ല. പണമടങ്ങിയ പഴ്‌സ് നഷ്ടമായി.  കൊറോണ ബാധിതരാണെന്ന് കരുതി എല്ലാവരും ഭീതിയോടെയാണ് കാണുന്നത്. ഞങ്ങള്‍ക്ക് കൊറോണയില്ല' പൊലീസിനോട് ഇവര്‍ പറഞ്ഞു. ഭക്ഷണം പൊലീസ് വാങ്ങിനല്‍കി.

ഒക്ടോബറിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച കൊച്ചിയിലെത്തി. കൂടെയുണ്ടായിരുന്ന ഡെസ്മാസുറിന്റെ മാതാവിനെ നാട്ടിലേക്കയക്കാന്‍ നെടുമ്പാശ്ശേരി വിമാത്താവളത്തിലെത്തിയതാണ്. രണ്ടാഴ്ചയായി വര്‍ക്കലയില്‍ ആയിരുന്നെന്ന് അറിയിച്ചതോടെ ആരോഗ്യവിഭാഗം അധികൃതര്‍ ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

പരിശോധനയില്‍ കൊറോണയില്ലെന്ന് കണ്ടെത്തി. ഇതിനിടെയാണ് ഡെസ്മാസുറിന്റെ പഴ്‌സ് നഷ്ടമായ കാര്യം അറിയുന്നത്. ആശുപത്രിയില്‍നിന്ന് എവിടേക്കു പോകണമെന്നറിയാതെ ഇവര്‍ കുട്ടിയുമായി അലഞ്ഞു. പല ഹോട്ടലുകളിലും ചെന്നെങ്കിലും മുറി കിട്ടിയില്ല. ഭക്ഷണവും നല്‍കിയില്ല. വീണ്ടും മെഡിക്കല്‍ കോളജിന്റെ വരാന്തയിലേക്ക്. ഇവിടെ ഏറെനേരം വിശ്രമിച്ചശേഷമാണ് ഒരുമുറി അധികൃതര്‍ അനുവദിച്ചത്. മുറിയിലെ കൊതുകുശല്യത്തില്‍നിന്ന് സഹികെട്ട് തിങ്കളാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തിനു പുറത്തിറങ്ങി വിശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ തെറ്റിദ്ധരിച്ചത്.

സിവില്‍ പൊലീസ് ഓഫീസര്‍ പിഎസ്. രഘുവിന്റെ ഇടപെടലാണ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ സഹായിച്ചത്. ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് അധികൃതരുമായും പുതുച്ചേരിയിലെ ഫ്രഞ്ച് എംബസിയുമായും രഘു ബന്ധപ്പെട്ടു.എംബസി അധികൃതര്‍ 7500 രൂപ വെസ്‌റ്റേണ്‍ യൂണിയന്‍ വഴി ഉടന്‍ അയച്ചുനല്‍കി. ശേഷം ഇവരുമായി പൊലീസ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക്. അവിടെ എത്തിക്കാനും കുട്ടിയെ ലാളിക്കാനും ചോക്ലേറ്റ് വാങ്ങിനല്‍കാനുമെല്ലാം രഘുവാണുണ്ടായിരുന്നത്. കൊറോണബാധിതരാണെന്ന പ്രശ്‌നം മറ്റിടങ്ങളിലുമുണ്ടായേക്കുമെന്ന ആശങ്കയറിയിച്ചതോടെ പൊലീസ് ഇടപെട്ട് ആശുപത്രി അധികൃതരില്‍നിന്ന് സര്‍ട്ടിഫിക്കറ്റും വാങ്ങിനല്‍കി. ഉച്ചയ്ക്ക് ഒരുമണിക്ക് ഇവരെ ഡല്‍ഹിയിലേക്കു യാത്രയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

''അന്ന തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയേണ്ടത് നട്ടെല്ലില്ലാത്ത മാധ്യമങ്ങള്‍'; പിന്തുണയുമായി മാധവ് സുരേഷ്

'സ്കൂള്‍ വളപ്പില്‍ ആര്‍എസ്എസ് ശാഖ വേണ്ട'; രാഷ്ട്രീയ, മത പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

'വടി അപകടകരമായ ആയുധമല്ല'; ടീച്ചര്‍ അടിച്ചതിന് കേസില്ല, എഫ്ഐആര്‍ റദ്ദാക്കി

വയനാട്ടിലെത്താന്‍ പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത; പാറ തുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

SCROLL FOR NEXT