കോഴിക്കോട്: ഹാജര്‍ കുറവായതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രിന്‍സിപ്പലിനെതിരെ വിമര്‍ശനവുമായി ജസ്പ്രീത് സിങിന്റെ മാതാപിതാക്കള്‍ രംഗത്ത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിനെതിരെയും കോളജ് അധികൃതര്‍ക്കെതിരെയുമാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഹാജര്‍ നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ കാലുപിടിച്ചപേക്ഷിച്ചിട്ടും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് ജസ്പ്രീതിന്റെ സഹോദരിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജസ്പ്രീതിന്റെ സംസ്‌കാര ചടങ്ങില്‍ കോളജിലെ അധ്യാപകരാരും പങ്കെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കൊലപാതകത്തില്‍ മാപ്പുപറയാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാവണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പരീക്ഷയെഴുതാനുള്ള ഹാജര്‍ കുറവായതിനാല്‍ ജസ്പ്രീത് രേഖകള്‍ ഉള്‍പ്പെടെ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യമെല്ലാം വിദ്യാര്‍ഥിയും കുടുംബവും കോളജ് അധ്യാപകരെ അറിയിച്ചിരുന്നു. ഇങ്ങനെ പരീക്ഷയെഴുതാന്‍ ഇത് പഞ്ചാബല്ല കേരളമാണെന്നായിരുന്നു അധ്യാപകരുടെ മറുപടി. കേരളത്തില്‍ പരീക്ഷയെഴുതാന്‍ ആവശ്യത്തിന് ഹാജര്‍ വേണമെന്നും അധ്യാപകര്‍ പറഞ്ഞതായി ജസ്പ്രീതിന്റെ സഹോദരിമാര്‍ പറഞ്ഞു.
ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാ നിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കോളജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു
മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഇക്കണോമിക്‌സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശിയുമായ ജസ്പ്രീത് സിങ് (21)നെ ഞായറാഴ്ചയാണ് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാജര്‍ കുറവായതിനെതുടര്‍ന്ന് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിയാത്ത മനോവിഷമത്തിലായിരുന്നു ജസ്പ്രീത് സിങ്. ഹോട്ടല്‍ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജസ്പ്രീതിന്റെ കുടുംബം കോഴിക്കോട്ട് താമസമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates