ചെങ്ങന്നൂർ: ബസ് യാത്രക്കാരിയുടെ കണ്ണിൽ കമ്പി കുത്തിക്കയറിയ സംഭവത്തിൽ ഡ്രൈവറെയും ബേക്കറിയുടമയെയും പ്രതികളാക്കി ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. കടയുടമ റോഡിലേക്ക് ഇറക്കിക്കെട്ടിയ കമ്പിയാണ് കണ്ണിൽ കുത്തിക്കയറിയത്.ചെങ്ങന്നൂർ ഐടിഐ ജങ്ഷന് സമീപം അങ്ങാടിക്കൽ കുമ്പിൾ നിൽക്കുന്നതിൽ വീട്ടിൽ ജോയിയുടെ മകൾ അഞ്ജുവിന്റെ (24) ഇടതുകണ്ണിലാണ് കമ്പി കൊണ്ടത്.
എം സി റോഡിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ചങ്ങനാശ്ശേരി സർക്കാർ ആയുർവേദ ആശുപത്രിയിലെ നഴ്സായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.കൊട്ടാരക്കര സർവിസ് നടത്തുന്ന അടൂർ ഡിപ്പോയിലെ ആർഎസ്സി 487 നമ്പർ ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്യവേ നഗരമധ്യത്തിലാണ് അപകടം. കെഎസ്ആർടിസി ബസ് സ്റ്റാൻറിന് സമീപം സ്വകാര്യ ആശുപത്രിയോട് ചേർന്ന ബേക്കറിയുടെ ഇറക്കിക്കെട്ടിയ നിലയിൽ റോഡിലേക്ക് തളളിനിന്ന കമ്പിയാണ് യുവതിയുടെ കണ്ണിലേക്ക് തുളച്ചുകയറിയത്.
എട്ടടിയോളം വരുന്ന കമ്പിയിൽ വെയിൽ മറക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരുന്നു. വീതികുറഞ്ഞ തിരക്കുള്ള റോഡിൽ എതിരെവന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ബസിൽ തട്ടിയ കമ്പി വഴുതി യുവതിയുടെ കണ്ണിലേക്ക് തുളച്ചുകയറിയെന്ന് പൊലീസ് പറയുന്നു. അഞ്ജുവിന്റെ ഇടതുകണ്ണിന് ഗുരുതര പരിക്കേറ്റു. വിദഗ്ധചികിത്സക്ക് യുവതിയെ എറണാകുളത്തെ ഗിരിധർ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates