കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ദേശീയ നേതൃത്വത്തെ അറിയിച്ചതായി സൂചന. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ധരിപ്പിച്ചതായാണ് വിവരം.
സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്ന സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പിന്‍ഗാമി ആരാവണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതോടെ സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ സംസ്ഥാന ബിജെപിയില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
സംസ്ഥാന അധ്യക്ഷ സ്ഥാനം അല്ലെങ്കില്‍ കേന്ദ്ര മന്ത്രിപദം എന്നിങ്ങനെ രണ്ട് സാധ്യതകള്‍ അമിത് ഷാ സുരേഷ് ഗോപിക്കു മുന്നില്‍ വച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് സമ്മളനത്തിനു മുമ്പായി കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണി നടക്കാനിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ഇല്ലെന്ന് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അമിത് ഷാ ആയിരിക്കും അവസാന തീരുമാനമെടുക്കുകയെന്നും അവര്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി ചര്‍ച്ച പുരോഗമിക്കുന്ന സമയത്ത് തിരുവനന്തപുരത്ത മത്സരിക്കാന്‍ അമിത് ഷാ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. സ്ഥാനാര്‍ഥിയാവണമെന്നു നിര്‍ബന്ധമാണെങ്കില്‍ തൃശൂരില്‍ മത്സരിക്കാം എന്ന നിര്‍ദേശം താന്‍ തന്നെയാണ് മുന്നോട്ടുവച്ചതെന്ന് പിന്നീട് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. ബിഡിജെഎസിനു നല്‍കിയിരുന്ന തൃശൂരില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു സാധ്യതയുമില്ലെന്ന ഉറപ്പിലാണ് ആ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ പിന്നീട് തൃശൂരില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ അമിത് ഷാ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷ പദത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം അമിത് ഷാ തന്നെയായിരിക്കും കൈക്കൊള്ളുക. അത് എന്തായാലും സുരേഷ് ഗോപി അംഗീകരിക്കുമെന്ന് അദ്ദേഹത്തോട ്അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ പേര് കേന്ദ്ര നേതൃത്വം സജീവമായി പരിഗണിക്കുന്നതിനിടെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കെ സുരേന്ദ്രനും എംടി രമേശിനും വേണ്ടി ചരടുവലികള്‍ ശക്തമാണ്. ആര്‍എസ്എസിലെ ഇരു വിഭാഗങ്ങള്‍ ഇരുവര്‍ക്കും വേണ്ടി രംഗത്തുണ്ട്. ബിജെപിയില്‍ വി മുരളീധരനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പ് സുരേന്ദ്രനു വേണ്ടി തീവ്ര ശ്രമം നടത്തുന്നു. അതേസമയം വനിതയെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിയോഗിക്കണമെന്ന വാദഗതിയും ശക്തമാണ്. ശോഭാ സുരേന്ദ്രനെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
കുമ്മനം രാജശേഖരനെ തിരിച്ച് പാര്‍ട്ടി അധ്യക്ഷപദത്തില്‍ എത്തിക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തോ ദേശീയ നേതൃത്വത്തില്‍ ഏതെങ്കിലും പദവിയിലോ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates