തിരുവനന്തപുരം : കോവിഡ് പോസിറ്റീവെന്ന് തിരിച്ചറിയുമ്പോള്‍ മറ്റുള്ളവരെക്കൊണ്ട് 'ദ്രോഹി' എന്ന് വിളിപ്പിക്കാന്‍ സാധ്യതയില്ലാത്ത എത്രപേര്‍ നമ്മുടെ ഇടയിലുണ്ടാകുമെന്ന് ശാസ്ത്രലേഖകനും അധ്യാപകനുമായ വൈശാഖന്‍ തമ്പി. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോള്‍, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോള്‍, പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴും 'ഇത് വേറേ ആരുടേയോ പ്രശ്‌നമാണ്, എനിക്കിത് വരാന്‍ തീരെ സാധ്യതയില്ല' എന്ന ആത്മവിശ്വാസം പുലര്‍ത്തുന്നവരുണ്ട്. കൊറോണ വൈറസ് ശരീരത്തില്‍ കയറിപ്പറ്റിയാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ പതിനാലു ദിവസം വരെ എടുത്തേക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ്ബാധിതനായ ആളില്‍ നിന്ന് അത് പകരാനും തുടങ്ങും. 'നാളെ ഞാനും വൈറസ് ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടാല്‍, ഞാനിതുവരെ എത്രപേര്‍ക്ക് ഈ വൈറസ് പകര്‍ന്നുകൊടുത്തിട്ടുണ്ടാകും?' എന്നൊരു ചോദ്യം നാമോരോരുത്തരും സ്വയം ചോദിക്കണം. കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഒരാള്‍ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോള്‍, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോള്‍, അയാള്‍ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോള്‍ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങള്‍ കൂടി സ്വയം ചോദിക്കണം. കോവിഡിന്റെ ഇന്‍കുബഷന്‍ പീരീഡ് ഒന്ന് മുതല്‍ 14 ദിവസം വരെയാണ്. അതായത്, ശരീരത്തില്‍ അത് കയറിപ്പറ്റിയാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ പതിനാലു ദിവസം വരെ എടുത്തേക്കാം. ശരാശരി അഞ്ചു ദിവസമാണ്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ്ബാധിതനായ ആളില്‍ നിന്ന് അത് പകരാനും തുടങ്ങും. അങ്ങനെയെങ്കില്‍, 'നാളെ ഞാനും വൈറസ് ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടാല്‍, ഞാനിതുവരെ എത്രപേര്‍ക്ക് ഈ വൈറസ് പകര്‍ന്നുകൊടുത്തിട്ടുണ്ടാകും?' എന്നൊരു ചോദ്യം നാമോരോരുത്തരും സ്വയം ചോദിക്കണം. കോവിഡ് പോസിറ്റീവായി തിരിച്ചറിയുമ്പോള്‍ മറ്റുള്ളവരെക്കൊണ്ട് 'ദ്രോഹി' എന്ന് വിളിപ്പിക്കാന്‍ സാധ്യതയില്ലാത്ത എത്രപേര്‍ നമ്മുടെ ഇടയിലുണ്ടാകും? ആരെയും കുറ്റപ്പെടുത്താനല്ല ഇവിടെ ഇത് പറഞ്ഞത്. വൈറസാണ്, അതും അതിവ്യാപനശേഷിയുള്ളത്. നൂറുശതമാനം അത് ശരീരത്തില്‍ കയറാതെ നോക്കാനൊന്നും പറ്റിയെന്ന് വരില്ല. പക്ഷേ ചെയ്യാനാവുന്നതെങ്കിലും ചെയ്യണമല്ലോ.
ഇപ്പോഴും 'ഇത് വേറേ ആരുടേയോ പ്രശ്‌നമാണ്, എനിക്കിത് വരാന്‍ തീരെ സാധ്യതയില്ല' എന്ന ആത്മവിശ്വാസം പുലര്‍ത്തുന്നവരുണ്ട്. നിങ്ങളാ കൂട്ടത്തില്‍ പെട്ട ആളാണെങ്കില്‍ കണക്കുകളിലൂടെ ഒന്നു പോകണം. കഴിഞ്ഞ ജനുവരി 22ന് ലോകത്താകെ 580 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 22 ആയപ്പോള്‍ അത് 78,651 ആയി, 135 മടങ്ങ്. രണ്ട് മാസത്തിനിപ്പുറം ഇന്ന് ആ സംഖ്യ 2,44,933 ആണ്. 422 മടങ്ങ്! ചൈന എന്ന രാജ്യത്തെ വൂഹാന്‍ എന്ന പ്രദേശത്ത് തുടങ്ങിയ കളി ഇന്ന് 180ലധികം രാജ്യങ്ങളുടെ വിഷയമാണ്.
കൊറോണയുടെ ഗുണവും ദോഷവും ഒന്ന് തന്നെയാണ് ലക്ഷണങ്ങള്‍ താരതമ്യേന ലഘുവായതും ഭൂരിഭാഗം പേര്‍ക്കും എളുപ്പത്തില്‍ സുഖപ്പെടുന്നതുമാണ്. ലക്ഷണങ്ങള്‍ ലഘുവായതുകൊണ്ട് ആളുകള്‍ കിടപ്പാകുന്നില്ല, അവര്‍ വൈറസിനേയും വഹിച്ച് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മരണനിരക്കിന്റെ ചെറിയ ശതമാനസംഖ്യ കണ്ട് അവര്‍ ആശ്വസിക്കുന്നു. പക്ഷേ ഈ ചെറിയ ശതമാനം വച്ച് ഇന്ന് ലോകത്ത് 11,180 പേര്‍ മരിച്ചുകഴിഞ്ഞു എന്നത് മറക്കും. കാരണം, മരിച്ചത് അങ്ങെവിടെയോ കുറേ പ്രായമായ ആളുകളാണല്ലോ. പ്രായമായവര്‍ എന്റെ വീട്ടിലും ഉണ്ടെന്നും, അവര്‍ക്ക് വന്നാല്‍ അവരെയും നഷ്ടപ്പെടാമെന്നും, എനിക്ക് വന്നാല്‍ അവര്‍ക്കും വരാമെന്നും, അതുകൊണ്ട് എനിക്ക് വരാതെ ആദ്യം നോക്കണമെന്നും ഒക്കെയുള്ള ചിന്ത പോകാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ ആ ചിന്ത വൈകിവന്നിട്ട് കാര്യമില്ലാന്നാണ് ലോകം ഇന്ന് തെളിയിക്കുന്നത്. ഉത്സവം കൂടാനൊക്കെ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. അതിന്ന് ചികിത്സിക്കാന്‍ ശ്രമിക്കേണ്ടവരെന്നും, മരണത്തിന് വിട്ടുകൊടുക്കേണ്ടവരെന്നുമൊക്കെ പൗരരെ വേര്‍തിരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരോട് കരുണയില്ലാത്ത സര്‍ക്കാരായതുകൊണ്ടല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. സ്‌കൂളിന് ബെഞ്ച് പണിയുമ്പോള്‍ അതില്‍ ഒരേസമയം ഇരിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ എണ്ണം, ഒരു കുട്ടിയുടെ ശരാശരി ഭാരം എന്നിവ പരിഗണിച്ചാണ് ചെയ്യുക. എത്ര മികച്ച രീതിയില്‍ പണിഞ്ഞ ബെഞ്ചും നൂറ് കുട്ടികള്‍ ഒരുമിച്ച് കയറാന്‍ നോക്കിയാല്‍ (അത്രയും ഭാരം കയറ്റിയാല്‍) ഒടിഞ്ഞേ പറ്റൂ. അതുപോലെ ഏത് മികച്ച ചികിത്സാ സംവിധാനവും ഒരുമിച്ച് കൈകാര്യം ചെയ്യാവുന്ന രോഗികളുടെ ഒരു പരമാവധി എണ്ണം മുന്നില്‍ കണ്ടിട്ടുണ്ടാകും. അതിനപ്പുറമായാല്‍ സിസ്റ്റം തകരും. തകര്‍ന്ന സിസ്റ്റവും നിലവിലില്ലാത്ത സിസ്റ്റവും തമ്മില്‍ വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരീകരിച്ചവരുടെ എണ്ണവും അവരുടെ റൂട്ട്മാപ്പും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഒക്കെ പറയുന്നത് കേട്ട് ഇപ്പോ ഇരുത്തിമൂളാം. ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവര്‍ക്കും കൂടി തേരാപ്പാരാ ഓടാം.
പേടിപ്പിക്കാന്‍ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates