Kerala

വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് ശിഹാബ് തങ്ങള്‍ ഏര്‍പ്പെടുത്തിയ ആള്‍: ഹാദിയ

സയ്യദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുത്തൂര്‍ ജുമാ മസ്ജിദ് മഹല്‍ ഇമാം അബ്ദുല്‍ റഹ്മാന്‍ ദാരിമിയെ വിവാഹം നടത്തി തരാന്‍ ചുമതലപ്പെടുത്തിയതെന്നും ഹാദിയ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹം നടത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് അയച്ചിരുന്നതായി ഹാദിയ. സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയ അബ്ദുല്‍ റഹ്മാന്‍ ദാരിമി ആണ് തന്റെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതെന്നും ഹാദിയ സുപ്രിം കോടതിയില്‍.

ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തെ കുറിച്ച് ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ. മുസ്‌ലിം വരനെ കണ്ടെത്തി തരണമെന്ന് സൈനബയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനബ വെ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തു.

50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടായി. ഇതില്‍ ഒരാള്‍ ആയിരുന്നു ഷെഫിന്‍ ജഹാന്‍. ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് ഫോട്ടോകള്‍ വാട്ട്‌സ്അപ്പില്‍ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ ഷെഫിന്‍ ജഹാന്‍ മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തി അമ്മാവനും സഹോദരിക്കും ഒപ്പം തന്നെ വന്ന് കണ്ടു. തുടര്‍ന്നാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്.

ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടത്തിച്ച് തരാന്‍ സൈനബയുടെ ഭര്‍ത്താവ് അബൂബക്കറിന് കത്ത് നല്‍കി. ഇതിന് പുറമെ സൈനബയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഖാസി ആയ സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് താന്‍ മറ്റൊരു കത്ത് കൂടി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സയ്യദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുത്തൂര്‍ ജുമാ മസ്ജിദ് മഹല്‍ ഇമാം അബ്ദുല്‍ റഹ്മാന്‍ ദാരിമിയെ വിവാഹം നടത്തി തരാന്‍ ചുമതലപ്പെടുത്തിയതെന്നും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2016 നവംബര്‍ 19 നായിരുന്നു വിവാഹം. സൈനബ ക്ഷണിച്ചവരും ഷെഫിന്‍ ജഹാന്റെ ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും ഹാദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT