Kerala

സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര്; സുഭിക്ഷമായി ചോറുണ്ണാം വെറും 20 രൂപയ്ക്ക്; ഹെൽത്തി ടിപ്‌സായി കഞ്ഞിവെള്ളവും

20 രൂപയ്ക്ക് സുഭിക്ഷമായി ഊൺ കഴിക്കാമെന്നതാണ് കാന്റീനിന്റെ പ്രത്യേകത

സമകാലിക മലയാളം ഡെസ്ക്

കുന്നംകുളം: പുതു രുചിയ്‌ക്കൊപ്പം ഒട്ടേറെ പുതുമകളുമായി കുന്നംകുളം ന​ഗരസഭയുടെ വിശപ്പുരഹിത കാന്റീൻ പ്രവർത്തനം ആരംഭിച്ചു. 20 രൂപയ്ക്ക് സുഭിക്ഷമായി ഊൺ കഴിക്കാമെന്നതാണ് കാന്റീനിന്റെ പ്രത്യേകത. ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാന്റീൻ. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര് അല്ലെങ്കിൽ രസം എന്നിവയാണ് പ്രധാന മെനു. എല്ലാം തനി നാടൻ രുചിയിൽ. ഊണിനൊപ്പം ഹെൽത്തി ടിപ്‌സായി കഞ്ഞിവെള്ളവും ആവശ്യക്കാർക്ക് ലഭിക്കും. പ്രായമായവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്.

ഉച്ചയ്ക്ക് 12.30 മുതൽ ആരംഭിക്കുന്ന ഉച്ചയൂണ് നേരത്തെ തന്നെ തയ്യാറാകും. എന്നാൽ രണ്ട് മണിക്ക് ശേഷം ചെന്നാലും ചൂടോടെ ഭക്ഷണം കഴിക്കാം. സ്റ്റീമർ ഉപയോഗിച്ച് എല്ലാ വിഭവങ്ങളും പാചകം ചെയ്യുന്നതിനാലാണ് എപ്പോഴും ഭക്ഷണത്തിൽ ചൂട് നിലനിൽക്കുന്നത്.

ഗ്രൈൻഡർ അടക്കമുള്ളവ ഫുഡ് സേഫ്റ്റി 304 ഗ്രാൻഡ് ക്വാളിറ്റിയിലുള്ളതാണ്. നിലവാരമുള്ള സ്റ്റീൽ ഉപയോഗിച്ചു നിർമിച്ചവയാണ് ഇവിടുത്തെ പാത്രങ്ങൾ. പച്ചക്കറികൾ അരിഞ്ഞെടുക്കാനുള്ള പുതിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ എണ്ണയിൽ മീൻ വറുക്കുന്നതിനുള്ള ഷാലോ ഫാറ്റ് ഫിഷർ ഉപകരണമാണ് മറ്റൊരു സവിശേഷത. യന്ത്ര സഹായത്തോടെ മുറിച്ച മീൻ മുളകു ചേർത്ത് സൂക്ഷിക്കുന്ന പുത്തൻ സൗകര്യവുമുണ്ട്.

ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് അടുക്കളയിലുള്ളത്. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്താണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനിൽ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകൾ പ്രവർത്തിക്കും. ഇതോടൊപ്പം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന അടുക്കളയുമുണ്ട്.

100 ലേറെ പേർക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുള്ള സൗകര്യമാണ് കാന്റീനിലുള്ളത്. ട്രോളിയിലാണ് ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത്. കാന്റീനിൽ ബെയ്ൻ മാരി ട്രോളിയിൽ ഉച്ചയൂണും അനുബന്ധ പദാർത്ഥങ്ങളും നിരയായി വെയ്ക്കാനും ആവശ്യത്തിന് എടുത്തുപയോഗിക്കാനും സംവിധാനങ്ങളുണ്ട്.

പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവർത്തകരാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. നഗരസഭയിലെ തുമ്പപ്പൂ കുടുംബശ്രീയ്ക്ക് വേണ്ട മാർഗ നിർദേശവുമായി യുവ സംരംഭകരായ ഐഫ്രം ഗ്രൂപ്പും ഒപ്പമുണ്ട്.

നിശ്ചിത സമയം വരെ മാത്രമാണ് 20 രൂപയ്ക്ക് ഊണു ലഭിക്കുക. സ്പെഷ്യൽ വിഭവങ്ങൾ വാങ്ങുന്നവർ അതിനുള്ള പൈസയും നൽകണം.
ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്കും രോഗികൾക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നൽകുക. നഗരസഭയിലെ ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് നൽകുന്നവർക്കും സൗജന്യ ഭക്ഷണം നൽകും. നഗരസഭ സെക്രട്ടറി മുഖേന കർഷകർക്ക് പച്ചക്കറികൾ നൽകാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.

കാന്റീനിലെ ആദ്യ ദിനത്തിൽ ആയിരത്തോളം പേരാണ് ഭക്ഷണം കഴിച്ചത്. ഉദ്ഘാടന ചടങ്ങിനു ശേഷം ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമനും തദ്ദേശ സ്വയം ഭരണ മന്ത്രി എസി മൊയ്തീനും കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു. നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പിഎം സുരേഷ്, സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവരും 20 രൂപ നൽകി ഭക്ഷണം കഴിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT