Kerala

''സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ അപമാനമോ ?; ബെഹ്‌റ മാത്രമാണോ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍?' 

എത്ര വലിയ അധികാര ദുര്‍വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്!

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : വിമര്‍ശനം ഉന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. 'സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ അധിക്ഷേപമായാണോ ഈ സര്‍ക്കാര്‍ കാണുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിച്ചു.

എത്ര വലിയ അധികാര ദുര്‍വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്! ഇലക്ഷന്‍ കമ്മിഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷനു അനുമതി നല്‍കുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍? ബല്‍റാം കുറിപ്പില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം : 

കേരളം ഇത് കാണുന്നില്ലേ?

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുന്നു എന്ന് ആരോപിച്ചു എന്നതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ദീര്‍ഘകാലം പാര്‍ലമെന്റംഗവുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നു! എത്ര വലിയ അധികാര ദുര്‍വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്!

'സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ ഒരു അധിക്ഷേപമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നത് ഏതായാലും കൗതുകകരമാണ്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ ഇങ്ങനെ കേസെടുത്തു പ്രോസിക്യൂട്ട് ചെയ്യുന്ന കീഴ്‌വഴക്കം തുടങ്ങി വച്ചാല്‍ അത് എവിടെച്ചെന്ന് നില്‍ക്കുമെന്നു പിണറായി സര്‍ക്കാരിന് വല്ല ധാരണയുമുണ്ടോ? ഇലക്ഷന്‍ കമ്മിഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം.എം.മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷനു അനുമതി നല്‍കുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍?

ബെഹ്‌റയെക്കുറിച്ച് ഇതിനേക്കാള്‍ എത്രയോ ഇരട്ടി ഗൗരവമുള്ള വിമര്‍ശനം 2018ല്‍ ഇതേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയിട്ടുണ്ടല്ലോ. ബെഹ്‌റ എന്‍ഐഎയില്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാന്‍ കൊലക്കേസില്‍ അമിത് ഷായെയും നരേന്ദ്ര മോദിയെയും സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായി മോദിയുടെ ശുപാര്‍ശയില്‍ ലഭിച്ചതാണ് ഇപ്പോഴത്തെ ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നുവല്ലോ? അതിനെതിരെ കേസിനു പോവാന്‍ തോന്നാതിരുന്ന ബെഹ്‌റയാണ് ഇപ്പോള്‍ ഉമ്മാക്കി കാട്ടാന്‍ നോക്കുന്നത്.

മോദിയെയും ഷായെയും കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് അഭിമാനമായും സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാന്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ ലോക്കല്‍ ഗാര്‍ഡിയനായ പിണറായി വിജയനുമുള്ളത് എന്നാണ് സര്‍ക്കാരിന്റെ ഈ പ്രോസിക്യൂഷന്‍ അനുമതി തെളിയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT