ലണ്ടനില്‍ കത്തിക്കുത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍  Samakalika Malayalam
World

ലണ്ടനില്‍ കത്തിക്കുത്ത്; ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊലപാതവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ സംശയാടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ലണ്ടന്‍: ലണ്ടനിലെ സൗത്താളില്‍ നടന്ന കത്തിക്കുത്തില്‍ 26 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ ഗുര്‍ഭേജ് സിങ് കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 10ന് പുലര്‍ച്ചെ 12.40ഓടെയാണ് നോര്‍ത്ത് റോഡും ഡോര്‍മേഴ്‌സ് വെല്‍സ് ലെയിനും ചേരുന്ന ഭാഗത്ത് കത്തിക്കുത്തുണ്ടായത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വിവരമറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും പരിക്കേറ്റ നിലയില്‍ രണ്ട് പുരുഷന്മാരെ കണ്ടെത്തി. ഇവരില്‍ ഗുര്‍ഭേജ് സിങ്ങിന് ഗുരുതരമായ കുത്തേറ്റിരുന്നു. ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. മറ്റെയാളെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

കൊലപാതവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ സംശയാടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവം കാരണം ആറുപേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും പിന്നീട് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ അര്‍ധരാത്രിക്ക് ശേഷം ഒരു കടയുടെ മുന്നില്‍വെച്ചാണ് ഗുര്‍ഭേജ് സിങ് ആക്രമിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

മെട്രോപൊളിറ്റന്‍ പൊലീസിന്റെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമാന്‍ഡിലെ ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ അലിസണ്‍ ഫോക്‌സ്വെല്‍ സംഭവത്തെ 'ദാരുണമായ മരണം' എന്നു വിശേഷിപ്പിച്ചു. കേസിലെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവര്‍ പൊലീസിനെ സമീപിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഗുര്‍ഭേജ് സിങ്ങിന്റെ മരണവാര്‍ത്ത ഇന്ത്യന്‍ വംശജരുടെ സമൂഹത്തെയും പഞ്ചാബി പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുമായി ഓണ്‍ലൈന്‍ ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരച്ചെലവുകള്‍, യാത്രാചെലവുകള്‍, നിയമപരമായ രേഖകള്‍ എന്നിവയ്ക്കായാണ് ധനസമാഹരണം നടത്തുന്നത്.

ബ്രിട്ടനില്‍ സമീപകാലത്ത് വര്‍ധിച്ചുവരുന്ന കത്തിക്കുത്ത് ആക്രമണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഇന്ത്യന്‍ വംശജനായ യുവാവിന്റെ മരണം. സൗത്താള്‍ മേഖലയിലെ ഇന്ത്യന്‍ സമൂഹം സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും തുടരുമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

26-year-old Indian-origin man stabbed to death in London; police intensify investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആദ്യം സ്വന്തം പാര്‍ട്ടിയിലെ വകുപ്പുകളില്‍ അവതാരങ്ങള്‍ കടന്നോയെന്ന് അന്വേഷിക്കൂ'; ബിനോയ് വിശ്വത്തിന് പിണറായി വിജയന്റെ മറുപടി

'മീശ പിരിക്കണം, പൊടി പറക്കണം; ഇത് രണ്ടും നടത്തിയിരിക്കും', മോഹൻലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് ചിദംബരം

'എന്‍ എസ് നുസൂര്‍ പാര്‍ട്ടി വിടുമെന്ന് കരുതിയില്ല; മിശ്രവിവാഹിതനായതുകൊണ്ടാണെന്ന അദ്ദേഹത്തിന്റെ ആരോപണം അറിയില്ല'

ചൈനയില്ലാതെ ജി7 ഉച്ചകോടി; ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെ ഒഴിവാക്കുന്നത് വീഴ്ചയോ?

വീട്ടിൽ പെഡിക്യൂർ ചെയ്യാറുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT