Shubhanshu Shukla, Axiom - 4 mission  AP/ PTI
World

ചരിത്രദൗത്യത്തിലേക്ക് കുതിച്ച് ശുഭാംശുവും സംഘവും, ആക്സിയം-4 വിക്ഷേപിച്ചു

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡർ കൂടിയാണ് ശുഭാംശു ശുക്ല

സമകാലിക മലയാളം ഡെസ്ക്

ഫ്ലോറിഡ: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 വിക്ഷേപിച്ചു. ശുഭാംശു അടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍ നിന്ന് കുതിച്ചുയര്‍ന്നു.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റുള്ളവർ. ശുഭാംശു ശുക്ലയാണ് പൈലറ്റ്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

രണ്ടാഴ്ച ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ സംഘം നടത്തും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് 39 കാരനായ ശുഭാംശു. 1984 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരന്‍. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം.

രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആയിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രനേട്ടം ശുഭാംശു ശുക്ലയുടെ പേരിൽ കുറിക്കപ്പെടും. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡർ കൂടിയാണ് ശുഭാംശു ശുക്ല. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. മെയ് 29ന് നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പിന്നീട് അഞ്ചു തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റിവെച്ചശേഷമാണ് ഒടുവിൽ വിക്ഷേപണം നടത്തിയത്.

Axiom - 4 mission with Indian astronaut Shubhanshu Shukla and three others, took off from the Kennedy Space Centre, the International Space Station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT