അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന. താലിബാന്‍ ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്താവ് വ്യക്തമാക്കി.
അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് പിന്നാലെ, താലിബാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ചൈന ശ്രമിച്ചുവരികയായിരുന്നു. താലിബാന്‍ ഭരണം പിടിച്ചെടുത്തതില്‍ ലോകരാഷ്ട്രങ്ങള്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
47 കിലോമീറ്റര്‍ അതിര്‍ത്തി അഫ്ഗാനിസ്ഥാനുമായി ചൈന പങ്കിടുന്നുണ്ട്. ചൈനീസ് സര്‍ക്കാരിന് എതിരെ പോരാടുന്ന ഉയ്ഗൂര്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് താലിബന്‍ സഹായം നല്‍കിയേക്കുമെന്ന ഭയവും ചൈനയ്ക്കുണ്ട്.
കഴിഞ്ഞമാസം താലിബാന്‍ നേതൃത്വം ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയ്ഗുര്‍ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയതായാണ് സൂചന.
'ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ താലിബാന്‍ നിരന്തരം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിലും വികസനത്തിലും ചൈനയുടെ സഹകരണം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.' ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങള്‍ ഈ ക്ഷണത്തെ സ്വീകരിക്കുകയാണ്. അഫ്ഗാന്‍ ജനതയുടെ അവകാശങ്ങളെ ഞങ്ങള്‍ മാനിക്കുന്നു.അതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സഹായിക്കാന്‍ തയ്യാറാണ്.' ഹുവ ചുന്യിങ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലെ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എംബസികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴും ചൈനീസ് എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ എംബസികള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് നേരത്തെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates