ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിന് ഒരാഴ്ച കഴിയുമ്പോള്‍, ഗാസ മുനമ്പ് പൂര്‍ണമായും തുടച്ചുനീക്കാനുള്ള പ്രതികാര ദാഹവുമായി മുന്നേറുകയാണ് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് 11 ലക്ഷംപേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയ ഇസ്രയേല്‍, കരയുദ്ധത്തിന്റെ അവസാന തയ്യാറെടുപ്പിലാണ്.
ചര്‍ച്ചയ്ക്ക് മുതിരാതെ ഇസ്രയേല്‍
തങ്ങള്‍ ബന്ദികളാക്കിയ 150പേരെ മോചിപ്പിക്കാനായി ഇസ്രയേല്‍ ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നേക്കും എന്ന ഹമാസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്, കര, വ്യോമ, കടല്‍ മാര്‍ഗം വഴി സമ്പൂര്‍ണ ആക്രമണം അഴിച്ചുവിടാനുള്ള ഇസ്രയേലിന്റെ തീരുമാനം വന്നത്. 24 മണിക്കൂറാണ് വടക്കന്‍ ഗാസയിലേ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സമയം അനുവദിച്ചത്. ഈ സമയം അവസാനിച്ചതിന് പിന്നാലെ, ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ സേന നൂറുകണക്കിന് സൈനിക ടാങ്കുകളുമായി ഗാസയിലേക്ക് നീങ്ങിക്കഴിഞ്ഞു.
രണ്ടുവര്‍ഷം 'മിണ്ടാതിരുന്ന' ഹമാസ് 
കഴിഞ്ഞ രണ്ടുവര്‍ഷമായി ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വന്നിരുന്നു. ഇസ്രയേലിന് എതിരായ നിരന്തര ആക്രമണങ്ങള്‍ക്ക് ഇടവേള നല്‍കിയ ഹമാസ്, ഗാസ മുനമ്പിലെ ഭരണകാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത് ഇസ്രയേലിന്റെ ജാഗ്രതയില്‍ അലംഭാവം വരുത്തുന്നതിന് കാരണമായി. ശരിക്കും, കഴിഞ്ഞരണ്ടുവര്‍ഷമായി ഹമാസ് അടിത്തട്ടിലൂടെ, വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്കുള്ള കോപ്പുകൂട്ടുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഹമാസ് ഇടക്കിടെ നടത്തിയ ചെറിയ റോക്കറ്റ് ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതോടെ, ഇസ്രയേലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഹമാസ് തളരുകയാണെന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തെറ്റിദ്ധരിച്ചു.
സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യാന്‍ 18,000 പലസ്തീനികളെ കഴിഞ്ഞ മാസങ്ങളില്‍ ഇസ്രയേല്‍ അനുവദിച്ചിരുന്നു. പക്ഷേ, സമീപകാലത്തെ ഏറ്റവും വലിയ ആക്രമണത്തിന് ഹമാസ് അണിയറയില്‍ തയ്യാറെടുക്കുകയായിരുന്നു.
ഇസ്രയേലിന്റെ അത്യാധുനിക ഇന്റലിജന്‍സ് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍, ആക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഹമാസ് പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കി പൂര്‍ണമായും 'ഓഫ്‌ലൈന്‍' പോയി. അതീവ രഹസ്യമായ കൂടിക്കാഴ്ചകളിലൂടെ ഹമാസ് തങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്തു.
സുപ്രീംകോടതിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ ഇസ്രയേല്‍ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും ഹമാസിന് സഹായമായി. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ആറുവരെ നീണ്ടുനുന്ന ജൂത വിശുദ്ധ വാരത്തിന്റെ അവസാന ദിവസം ആക്രമണത്തിന് വേണ്ടി ഹമാസ് തെരഞ്ഞെടുത്തു.
ആക്രമണം എന്തിനായിരുന്നു? 
ലോകശ്രദ്ധ പലസ്തീന്‍ വിഷയത്തില്‍ നിന്ന് മാറുന്നതില്‍ അസ്വസ്ഥരായിരുന്നു ഹമാസ്. അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി കൂടുതല്‍ അടുത്തു തുടങ്ങിയതും ഹമാസിനെ പ്രകോപിപ്പിച്ച ഘടകങ്ങളില്‍ ഒന്നാണ്. യുഎഇ, മൊറോകോ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രയേലിന്റെ നീക്കം ഹമാസിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു.
ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 5,000 പലസ്തീന്‍കാരുടെ മോചനവും ഹമാസിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി. 
അല്‍  അഖ്‌സ പള്ളിയിലെ ഇസ്രയേലിന്റെ നിരന്തമായുള്ള ഇടപെടലുകളും ഹമാസിനെ ചോരക്കളിയിലേക്ക് നീങ്ങുന്നതിന് പ്രേരിപ്പിച്ചു. 
നേതാക്കള്‍ ആരൊക്കെ?
1987ലാണ് ഹമാസ് സ്ഥാപിതമാകുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയായിരുന്നു ഹമാസിന്റെ ആദ്യ ഇടപെടലുകള്‍. പതിയെ, തീവ്ര മുസ്ലിം നിലപാടുകളുള്ള സായുധ സംഘടനയായി ഹമാസ് മാറി. ഹമാസിന്റെ സ്ഥാപകന്‍ ഷെയ്ഖ് യാസിനെ 2004ല്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വധിച്ചു. ഗാസ സിറ്റിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നതിനിടെയാണ് യാസിനെ ഇസ്രയേല്‍ മിസൈല്‍ തൊടുത്തുവിട്ട് വധിച്ചത്. ഈ ആക്രമണത്തിന് എതിരെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടുലക്ഷം പലസ്തീന്‍കാരാണ് യാസീന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തടിച്ചുകൂടിയത്.
ഹമാസിന്റെ മറ്റൊരു പ്രധാന നേതായിരുന്നു സല ഷെഹദ്. രണ്ടുതവണയാണ് ഇയാള്‍ ഇസ്രയേലിന്റെ പിടിയിലായത്. 1996ല്‍ യഹ്യ ആയഷിന്റെ മരണത്തെ തുടര്‍ന്ന് സല ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസം ബ്രിഗേഡ്‌സിന്റെ തലവനായി. മുഹമ്മദ് ദെയ്ഫ്, അദ്‌നാം അല്‍ ഘോല്‍ എന്നിവരും ഈ സമയത്ത് ഹമാസിന്റെ പ്രധാന നേതാക്കളായി ഉയര്‍ന്നു. 2002ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ സല കൊല്ലപ്പെട്ടു. യഹ്യ സിന്‍വര്‍ ആണ് നിലവില്‍ ഹമാസിന്റെ പരമോന്നത നേതാവ്. മുഹമ്മദ് ദെയ്ഫ് ആണ് ഇപ്പോള്‍ ഇസ്രയേലില്‍ നിന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് കരുതുന്നത്. 
ഇറാന്‍ ആണ് ഹമാസിന്റെ പ്രധാന വരുമാന സ്രോതസ്സ് എന്നാണ് കരുതുന്നത്. ഈജ്പ്ത്, സുഡാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നും ഹമാസിന് വലിയ തോതിലുള്ള ആയുധ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. 
ഈ വാർത്ത കൂടി വായിക്കൂ ഇന്ത്യന്‍ സമാധാന സേന ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍; വിന്യസിച്ച് യുഎന്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates