അറബ് ലോകത്തെ ചിരവൈരികളായ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള മഞ്ഞുരുകുന്നു. ചൈനയിലെ ബീജിങില്‍ നടന്ന നയതന്ത്ര ചര്‍ച്ചയില്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഉറപ്പുനല്‍കി.
സൗദി-ഇറാന് പോര് അവസാനിപ്പിക്കാന്‍ ചൈന ഇടപെട്ടതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സൗദിയും ഇറാനും തമ്മില്‍ ഒരു നയതന്ത്ര ചര്‍ച്ച നടക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷത്തിന് അയവ് വരുത്താനും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ചൈനയുടെ സാന്നിധ്യത്തില്‍ ധാരണയിലെത്തിയിരുന്നു.
രണ്ട് മാസത്തിനുള്ളില്‍ എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാന്‍ ഇരു രാഷ്ട്രങ്ങളും പരിശ്രമിക്കുമെന്ന് ഇറാന്-സൗദി വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിമാന സര്‍വീസുകള്‍ പുനരാഭിക്കാനും സ്വകാര്യ മേഖല പ്രതിനിധികളുടെ ഉഭയകക്ഷി സന്ദര്‍ശനത്തിനും ഇരു രാജ്യങ്ങളിലേയും പൗരന്മാര്ക്ക് വിസ അനുവദിക്കാനും ധാരണയിലെത്തിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ശുഭകരമായിരുന്നു എന്ന് ഇറാന് വിദേശകാര്യ മന്ത്രി അമിര്അബ്ദുള്ളഹിയാന് ട്വീറ്റ് ചെയ്തു.
മിഡില്‍ ഈസ്റ്റില്‍ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ മാര്‍ച്ചില്‍ സൗദി, ഇറാന് നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയത്. വിഷയങ്ങള്‍ നയതന്ത്ര ചര്‍ച്ചകള്‍ വഴി പരിഹരിക്കാമെന്ന ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം ഇരു രാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. ശേഷം മൂന്നുതവണ സൗദി-ഇറാന് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ടെലഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇറാനും സൗദിയും തമ്മില്‍ സൗഹൃദം പുനസ്ഥാപിക്കുന്നത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കും. യമന്‍, ലബനന്, സിറിയ ആഭ്യന്തരയുദ്ധങ്ങള്‍ അവസാനിക്കുന്നതിലേക്ക് വരെ പുതിയ നീക്കങ്ങള്‍ എത്തിയേക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ 'സെക്സ്' ഏറ്റവും മനോഹരമായ കാര്യം, എൽജിബിടി സമൂഹത്തെ സഭ സ്വാഗതം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates