ലഖ്‌നൗ: 18 ദിവസത്തെ ആക്‌സിയം-4 ദൗത്യത്തിന് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ഇന്ത്യയിലേയ്ക്കുള്ള മടങ്ങി വരവിന് കാത്തിരിക്കുകയാണ് കുടുംബം. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഡല്‍ഹിയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍. നാളെ ശുഭാംശു ഇന്ത്യയിലെത്തും. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ശുഭാംശു മടങ്ങിവരുന്നതിന്റെ സന്തോഷത്തില്‍ സഹോദരി ശുചി മിശ്രയുടെ വാക്കുകള്‍, കുടുംബം അദ്ദേഹത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെ കാലമായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തുന്ന അവസരത്തില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. അദ്ദേഹത്തെ കാണാനും കെട്ടിപ്പിടിക്കാനും രാജ്യത്തിന് വേണ്ടി ഇത്രയും മികച്ച പ്രവര്‍ത്തനം നടത്തിയതിന് അഭിനന്ദിക്കാനും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ കാമ്‌ന ശുക്ലയും ആറ് വയസുള്ള മകന്‍ കിയാഷ് ശുക്ലയും ടെക്‌സസിലെ ഹൂസ്റ്റണില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
കുടുംബം മുഴുവന്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് പിതാവ് ശംഭു ദയാല്‍ ശുക്ല സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളുടെ മകന്‍ തിരിച്ചെത്തുന്നു. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് പോവുകയാണ്. രാജ്യത്തിനും ഞങ്ങള്‍ക്കും സന്തോഷ നിമിഷമാണ്. പ്രധാനമന്ത്രിയും വിശിഷ്ട വ്യക്തികളും അദ്ദേഹത്തെ അനുഗ്രഹിച്ചു. അവരുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും കാരണം അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചുവെന്നും ശുഭാംശുവിന്റെ പിതാവ് പറഞ്ഞു.
ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍ക്ക് ഓരോ പൗരനും സാക്ഷ്യം വഹിക്കുകയാണെന്ന് പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ എക്‌സില്‍ എഴുതി. ബഹിരാകാശ പര്യവേഷണത്തില്‍, ആത്മനിര്‍ഭര്‍ ഭാരതിന്റെ ദര്‍ശനത്തിന് കീഴില്‍ ഞങ്ങള്‍ ഗഗന്യാനിനായി തയ്യാറെടുക്കുകയാണ്. സ്വന്തമായി ഒരു സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ 300 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ബഹിരാകാശ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നതില്‍ അഭിമാനിക്കുന്നുവെന്ന് എക്‌സില്‍ എഴുതി.
ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ഐഎസ്എസിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രികനായി ഇതോടെ ശുഭാംശു ശുക്ല. പേശികളുടെ പുനരുജ്ജീവനം, ആല്‍ഗല്‍, സൂക്ഷ്മജീവ വളര്‍ച്ച, വിള പ്രവര്‍ത്തനക്ഷമത, സൂക്ഷ്മജീവ അതിജീവനം, ബഹിരാകാശത്തെ വൈജ്ഞാനിക പ്രകടനം, സയനോബാക്ടീരിയയുടെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടെ മൈക്രോഗ്രാവിറ്റിയില്‍ അദ്ദേഹം വിപുലമായ പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങള്‍ ഇന്ത്യയുടെ ഭാവി ദൗത്യങ്ങള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates