flydubai's Omani Co-Pilot Intended To Crash Plane In Israel: Report 
World

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്

സൗദി അറേബ്യക്ക് മുകളിലൂടെ പറക്കവേ, സഹപൈലറ്റ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ദുബായ്/ ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാന്‍ സ്വദേശിയായ ഹമാം അല്‍ഹമാമിയാണ് അക്രമം നടത്തിയതെന്ന് സൗദി മാധ്യമമായ അല്‍ അറേബ്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുന്‍പ് തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ ഇയാളെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമാന്‍ എയര്‍ സുരക്ഷാ ഭീഷണിയായി കണക്കാക്കി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഫ്ലൈദുബായ് ഇയാളെ ജോലിക്ക് എടുക്കുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒമാന്‍ മറ്റു രാജ്യങ്ങള്‍ക്കോ എയര്‍ലൈനുകള്‍ക്കോ കൈമാറിയിരുന്നോ എന്ന് വ്യക്തമല്ല. വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താനായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 30നായിരുന്നു 170ലധികം യാത്രക്കാരും ജീവനക്കാരുമായി പറന്ന ഫ്ലൈദുബായ് എഫ്സെഡ് 1073 വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സൗദി അറേബ്യക്ക് മുകളിലൂടെ പറക്കവേ, സഹപൈലറ്റ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തിനിടെ വിമാനം വന്‍തോതില്‍ താഴേക്ക് പതിച്ചു. 30 സെക്കന്‍ഡിനുള്ളില്‍ 16,000 അടിയിലധികം താഴ്ചയിലേക്കാണ് വിമാനം നിയന്ത്രണം വിട്ട് താഴ്ന്നത്.

ഗുരുതര പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍ തന്നെ കോക്ക്പിറ്റിലേക്ക് കയറി സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയും കയറുകളും കേബിളുകളും ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പരിക്കേറ്റ ക്യാപ്റ്റന് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന്, യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഫ്ലൈദുബായിലെ തന്നെ മറ്റ് രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

സഹപൈലറ്റ് തീവ്രവാദ ആശയങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിമാനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎഇയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി അറേബ്യ പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാന ജീവനക്കാരുടെ സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

flydubai co-pilot who stabbed captain identified, was barred from flying by Oman

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര

ഗെയ്‌ലിന്റെ '175'ന് മുകളിൽ ഇനി പ്രിട്ടോറിയസിന്റെ '188*'! ടി20യിൽ പുതിയ റെക്കോർഡ്

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ശനിയാഴ്ച വീടു ക്ലീൻ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം