യുകെയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നു എക്സ്
World

കുടിയേറ്റക്കാരില്ലെങ്കില്‍ മുന്തിരിക്കു വില കൂടും, വൈനിനും! അവിടെയും നില്‍ക്കില്ല കാര്യങ്ങള്‍; നാടുകടത്തല്‍ യുഎസിനെ ബാധിക്കുന്നതെങ്ങനെ

നിലവിലെ തോതില്‍ നാടുകടത്തല്‍ തുടര്‍ന്നാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വിദേശികള്‍ യുഎസില്‍ നിന്നും പുറത്താക്കപ്പെടും

സമകാലിക മലയാളം ഡെസ്ക്

നധികൃത കുടിയേറ്റം അവസാനിപ്പിക്കും, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ തിരിച്ചയക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന മുദ്യാവാക്യങ്ങളാണിവ. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഇക്കാര്യം നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ തോതില്‍ നാടുകടത്തല്‍ തുടര്‍ന്നാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വിദേശികള്‍ യുഎസില്‍ നിന്നും പുറത്താക്കപ്പെടും. രാജ്യത്ത് അനധികൃതമായി ജീവിക്കുന്നവരെ പുറത്താക്കുക എന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലെന്ന് കരുതാമെങ്കിലും ഈ നടപടി യുഎസ് സാമ്പത്തിക, സാമൂഹിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് തൊഴില്‍ ശക്തിയുടെ അഞ്ച് ശതമാനം നിയമാനുസൃത രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികളാണെന്ന വസ്തുത ഈ വാദത്തെ സാധൂകരിക്കുന്നതാണ്. കാര്‍ഷിക, അവിദഗ്ധ തൊഴില്‍ മേഖലകളിലാണ് ഇത്തരം തൊഴിലാളികള്‍ കൂടുതലായി സഹകരിക്കുന്നത്. അമേരിക്കയിലെ ഫാം ഹൗസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ പകുതിയോളം ഇത്തരം രേഖകള്‍ ഇല്ലാത്ത തൊഴിലാളികളാണെന്ന് യുഎസ് കാര്‍ഷിക വകുപ്പ് കണക്കുകള്‍ തന്നെ അടിവരയിടുന്നു.

ഫാം തൊഴിലുകളില്‍ വിദഗ്ധരായ ഇത്തരം ആളുകളായവരെ കേന്ദ്രീകരിച്ച വന്‍തോതില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളും യുഎസില്‍ നടക്കുന്നു. ട്രാക്ടര്‍ പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, ചുമടെടുക്കുക, നിലമൊരുക്കുക, കീട നാശിനികളുടെ ഉപയോഗം, ജല സേചനം തുടങ്ങിയയാണ് ഇത്തരം തൊഴിലാളികളുടെ പ്രവര്‍ത്തന മേഖല. ട്രംപിന്റെ നയം തൊഴിലാളികളെ വ്യാപകമായി പുറം തള്ളുന്ന അവസ്ഥയുണ്ടാക്കിയാല്‍ കാര്‍ഷിക മേഖലയുള്‍പ്പെടെ പ്രതിസന്ധി നേരിട്ടേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്തിരി കൃഷിയാണ് യുഎസിലെ പ്രധാന കാര്‍ഷിക വിളകളില്‍ ഒന്ന്. ആപ്പിളും, ഓറഞ്ചും തൊട്ടുപിന്നിലുണ്ട്. 7500000 ടണ്ണിലധികം മുന്തിരിയാണ് പ്രതിവര്‍ഷം യുഎസില്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനോട് ചേര്‍ന്ന് വൈന്‍ വ്യവസായവും നിലനിലല്‍ക്കുന്നു. 900,000,000 ഗാലണില്‍ അധികമാണ് രാജ്യത്തെ വൈന്‍ ഉത്പാദനം. ലോകത്തെ വൈന്‍ ഉത്പാദനത്തിന്റെ 12 ശതമാനവും യുഎസില്‍ ആണ്. ഈ മേഖലയില്‍ തൊഴിലാളി ക്ഷാമം ഉണ്ടാക്കാനവുന്ന തിരിച്ചടി പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്.

നാടുകടത്തപ്പെട്ട് അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍

തൊഴിലാളികളുടെ അഭാവം വിളവെടുപ്പ്, വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ഉത്പാദനം ഇടിയാനും കാരണമായേക്കും. ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ഉള്‍പ്പെടെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ജീവിത ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനായി റെസ്റ്റോറന്റുകളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയും ആശങ്കയുണ്ടാക്കുന്നത്.

റെസ്‌റ്റോറന്റ് വ്യവസായമാണ് കുടിയേറ്റ തൊഴിലാളികളുടെ അഭാവം ബാധിക്കുന്ന മറ്റൊരു മേഖല. ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ അനധികൃതമായി രാജ്യത്തെത്തിയവരാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

നിര്‍മാണ മേഖലയാണ് നാടുകടത്തിന്റെ പ്രതികൂല ഫലം അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രംഗം. തൊഴിലാളികളുടെ അഭാവം നിര്‍മാണ മേഖലയില്‍ ചെലവ് വര്‍ധിപ്പിക്കുകയും സ്വകാര്യ - പൊതുമേഖലയില്‍ മന്ദത ഉണ്ടാക്കാനും സാഹചര്യം ഒരുക്കും. വ്യവസായശാലകളിലെ മികച്ച തൊഴിലാളികളെ പെട്ടെന്ന് ഒഴിവാക്കേണ്ടിവരുന്ന സാഹചര്യം ഈ രംഗത്തെയും പ്രതികൂലമായി ബാധിക്കും.

കുടിയേറ്റ തൊഴിലാളികളെ മാറ്റി ഈ തൊഴിലവസരങ്ങള്‍ തദ്ദേശീയര്‍ക്ക് നല്‍കും എന്നാണ് ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും അവകാശപ്പെടുന്നത്. യുഎസ് പൗരന്‍മാര്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ തയ്യാറായാല്‍ തന്നെ ഇത്രയും അധികം തൊഴിലാളികള്‍ക്ക് പകരം വയ്ക്കാന്‍ ആളുകള്‍ ഉണ്ടാകാനിടയില്ല. കുടിയേറ്റ തൊഴിലാളികള്‍ ചെയ്യുന്ന ജോലികളുടെ വേതനം വളരെ കുറവാണെന്നതമാണ് മറ്റൊരു വസ്തുത.

നേരത്തെ യുഎസിലെ ചില സ്റ്റേറ്റുകളില്‍ രേഖകളില്ലാത്ത തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയപ്പോള്‍ സമാനമായ പ്രതിസന്ധികള്‍ രൂപം കൊണ്ടിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അലബാമയില്‍ അനധികത കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് നടത്തിയ പൊലിസ് പരിശോധകള്‍ വര്‍ധിപ്പിക്കുകയും, താമസത്തിന് വാടക കെട്ടിടങ്ങള്‍ നല്‍കുന്നത് നിയന്ത്രിച്ചും നടപ്പാക്കിയ നടപടികളാണ് പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. നടപടികള്‍ കടുപ്പിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ അലബാമ വിടുന്നതിലേക്ക് നയിച്ച നടപടി സംസ്ഥാനത്തിനുണ്ടാക്കിയത് പതിനായിരം കോടിയുടെ യുഎസ് ഡോളറിന്റെ നഷ്ടമായിരുന്നു. അലബാമയുടെ ജിഡിപിയില്‍ പ്രതിവര്‍ഷം എണ്ണൂറ് കോടി ഡോളറിന്റെ നഷ്ടം ഉണ്ടാക്കി.

ഡൊണള്‍ഡ് ട്രംപ്

960 കോടി യുഎസ് ഡോളറിലധികമാണ് നിയമപരമായ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ പ്രതിവര്‍ഷം ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയില്‍ വഹിക്കുന്ന പങ്കാളിത്തം. ഇവര്‍ യുഎസ് പൗരന്മാരേക്കാള്‍ കുറച്ച് പൊതു ആനുകൂല്യങ്ങള്‍മാത്രമാണ് ഉപയോഗിക്കുന്നത്. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍, മെഡികെയര്‍, സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും പുറത്താണ്.

ഇതിനൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട മറ്റൊന്നാണ് കൂട്ട നാടുകടത്തലുകള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക ആഘാതങ്ങളും ഉയര്‍ന്ന ചെലവുകളും. നാടുകടത്തില്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി വരുന്ന നാല് വര്‍ഷത്തേക്ക് 175 കോടി യുഎസ് ഡോളര്‍ ഉപയോഗിക്കാനാണ് ട്രംപ് ഭരണകൂടം യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT