ന്യൂഡല്‍ഹി: ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ തന്ത്രപരമായ, ദീര്‍ഘകാല സമീപനത്തിലൂടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷി ജിന്‍പിങ്ങുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോദിയുടെ പ്രസ്താവന. ചൈനയുമായുള്ള സ്ഥിരമായ ബന്ധം ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ചൈനയില്‍ പോകുന്നത്. ഇതിന്റെ ഭാഗമായാണ് മോദി നാളെ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.
''പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരം എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ടിയാന്‍ജിനിലേക്ക് യാത്ര ചെയ്യും. കഴിഞ്ഞ വര്‍ഷം കസാനില്‍ വെച്ച് പ്രസിഡന്റ് ഷിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരവും ക്രിയാത്മകവുമായ പുരോഗതിയുണ്ടായി,''- മോദി പറഞ്ഞു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം മേഖലയുടെ അഭിവൃദ്ധിക്ക് ഗുണകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബഹുധ്രുവ ലോകത്ത് സ്ഥിരതയാര്‍ന്ന ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണെന്നും മോദി പറഞ്ഞു. 'ലോക സമ്പദ്വ്യവസ്ഥയിലെ നിലവിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍, രണ്ട് പ്രധാന സാമ്പത്തിക ശക്തികളെന്ന നിലയില്‍ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തില്‍ സ്ഥിരത കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യം, പരസ്പര സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധം ഒരു തന്ത്രപരമായ, ദീര്‍ഘകാല വീക്ഷണത്തോടെ മുന്നോട്ട് കൊണ്ടുപോകാനും, നമ്മുടെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി തന്ത്രപരമായ ആശയവിനിമയം വര്‍ദ്ധിപ്പിക്കാനും ഇന്ത്യ തയ്യാറാണ്,'- അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates