UN India envoy Screen Grab - X/PTI
World

കൂട്ടക്കൊലയെ സൈനിക നടപടിയെന്ന് വിളിച്ച് ന്യായീകരിക്കാനാകില്ല; യുഎന്നിൽ പാകിസ്ഥാനെതിരെ ഇന്ത്യ

റമദാൻ മാസത്തിൽ അഫ്ഗാനിൽ വ്യോമാക്രമണം നടത്തി സിവിലിയന്മാരെ കൊന്നൊടുക്കുന്നത് പാക് കാപട്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാന് എതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്ഥാൻ നടത്തുന്ന സൈനിക വ്യോമാക്രമണങ്ങളെയും അഫ്ഗാൻ വ്യാപാരികൾക്ക് നേരെ ഏർപ്പെടുത്തിയിരിക്കുന്ന വ്യാപാര-ഗതാഗത ഭീകരതയെയും' ഇന്ത്യ യുഎന്നിൽ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ഹരീഷ് പർവതനേനിയാണ് തിങ്കളാഴ്ച നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.

അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് പാകിസ്ഥാൻ നടത്തുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. യുഎൻ മിഷന്റെ (UNAMA) ഔദ്യോഗിക വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഈ വർഷത്തെ ആദ്യ 3 മാസത്തിനുള്ളിൽ മാത്രം പാക് ആക്രമണങ്ങളിൽ 372 സിവിലിയന്മാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാണിച്ചു. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും നടന്നത് സമാധാനത്തിന്റെയും കരുണയുടെയും വിശുദ്ധ റമദാൻ മാസത്തിലായിരുന്നു എന്നത് ഈ ക്രൂരതയുടെ ആക്കം കൂട്ടുന്നു. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയെന്ന് വിശേഷിപ്പിച്ചത് കൊണ്ട് മാത്രം കുറ്റവാളികൾക്ക് അതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സിവിലിയന്മാരെ കൊല്ലുന്നതും കുട്ടികളെ അനാഥരാക്കുന്നതും ഒരിക്കലും ഭീകരവിരുദ്ധ പ്രവർത്തനമല്ല. ഒരു വശത്ത് ഇസ്‌ലാമിക ഐക്യത്തെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചും വലിയ തത്വങ്ങൾ പറയുകയും മറുവശത്ത് വിശുദ്ധ മാസത്തിൽ വ്യോമാക്രമണം നടത്തുകയും ചെയ്യുന്നത് പാകിസ്ഥാന്റെ ശുദ്ധമായ കാപട്യമാണെന്ന് ഹരീഷ് പർവതനേനി തുറന്നടിച്ചു. തങ്ങളുടെ സ്വന്തം പരാജയങ്ങൾക്ക് അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പഴയ ശീലമാണെന്നും ലോകത്തെ പറ്റിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്വേഷ്യത്തിന്റെ ഫാക്ടറിയും സൈനിക അട്ടിമറിയും

ബലൂചിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ സ്വന്തം അതിർത്തിക്കുള്ളിൽ 'ഫിത്ന അൽ ഹിന്ദുസ്ഥാൻ' എന്ന് വിളിക്കാനുള്ള പാകിസ്ഥാന്റെ ഔദ്യോഗിക നിർദ്ദേശത്തെ ഇന്ത്യ പൂർണ്ണമായി തള്ളി. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ 'ഡീപ് സ്റ്റേറ്റ്' നടത്തുന്ന ആസൂത്രിതമായ വെറുപ്പിന്റെ ഫാക്ടറിയുടെ ഉൽപ്പന്നമാണിത്. സ്വന്തം രാജ്യത്തെ ജനങ്ങളെ ഇന്ത്യയോടുള്ള സ്ഥിരമായ ശത്രുതയിൽ നിലനിർത്തിക്കൊണ്ട് അധികാരം നിലനിർത്താനും ദേശീയ വിഭവങ്ങൾ കൊള്ളയടിക്കാനും അതുവഴി രാജ്യത്തെ പ്രധാന സാമ്പത്തിക-രാഷ്ട്രീയ തകർച്ചകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഷെഹബാസ് ഷെരീഫ് സർക്കാരിന്റെ കാലത്ത് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഫീൽഡ് മാർഷൽ ആസിം മുനീറിന് നിയമനടപടികളിൽ നിന്നും ജീവപര്യന്തം ഇളവ് നൽകിയത് പാകിസ്ഥാനിൽ സൈന്യം നടത്തിയ അട്ടിമറിയുടെ ഏറ്റവും പുതിയ തെളിവാണെന്ന് ഇന്ത്യ പരിഹസിച്ചു

അഫ്ഗാനോടുള്ള വ്യാപാര ഭീകരത

അഫ്ഗാനിസ്ഥാനിലെ വ്യാപാരികൾക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന വ്യാപാര ഉപരോധങ്ങൾ ലോകവ്യാപാര സംഘടനയുടെചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കരയാൽ ചുറ്റപ്പെട്ട ഒരു വികസ്വര രാജ്യത്തിന്റെ വ്യാപാര സ്വാതന്ത്ര്യത്തെ തടയുന്നത് യുഎൻ ചാർട്ടറിന്റെ ലംഘനമാണ്. അതേസമയം, അഫ്ഗാൻ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഇന്ത്യ അഫ്ഗാൻ ഉൽപ്പന്നങ്ങൾക്ക് നികുതിരഹിത പ്രവേശനം അനുവദിക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രത്യേക എയർ ഫ്രൈറ്റ് കോറിഡോർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നൂറുകണക്കിന് അഫ്ഗാൻ വ്യാപാരികൾക്ക് ഇന്ത്യ ദീർഘകാല ബിസിനസ് വിസ സൗജന്യമായി നൽകുന്നുണ്ടെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

എന്നാൽ, യുഎൻ റിപ്പോർട്ട് ഭീകരരുടെ മരണങ്ങളെ സിവിലിയൻ മരണങ്ങളായി ചിത്രീകരിച്ച് പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുകയാണെന്ന് പാക് സ്ഥാനപതി ആസിം ഇഫ്തിഖർ അഹമ്മദ് വാദിച്ചു. ഇതിന് മറുപടിയായി യുഎൻ സംവിധാനങ്ങളെ പാകിസ്ഥാൻ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ദി റെസിസ്റ്റൻസ് ഫ്രണ്ട്, ഐസിസ്, അൽ ഖ്വയ്ദ തുടങ്ങിയ എല്ലാ ഭീകര സംഘടനകൾക്കും അവരെ സഹായിക്കുന്നവർക്കും എതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെയാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രസംഗം അവസാനിപ്പിച്ചത്.

At the UN Security Council meeting on Afghanistan, India launched a scathing attack on Pakistan, condemning its military airstrikes on Afghan territory and its enforcement of "trade and transit terrorism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

'അവന്റെ തലയ്ക്ക് അടിച്ചു, ക്രൂരമായി മർദ്ദിച്ചു, പാതി ജീവനോടെ ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു'; തന്റെ നായ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നടി

പോക്കറ്റ് കീറാതെ പ്രോട്ടീൻ കഴിക്കാം, സീസൺ കഴിഞ്ഞാലും ചക്കക്കുരു സൂക്ഷിച്ചു വയ്ക്കാം, ചക്കക്കുരു വെച്ച് ഈ റെസിപ്പികൾ പരീക്ഷിച്ചിട്ടുണ്ടോ?

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ? ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

'സര്‍ക്കാരോഫീസ് സങ്കല്‍പ്പം ചെമ്മനം ചാക്കോയുടെ ആളില്ലാക്കസേരകളുടേതായിരുന്നു, ഇടതുപക്ഷസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഇതും പെടില്ലേ?'

SCROLL FOR NEXT