ന്യൂയോര്‍ക്ക്: യുഎസിലെ ഫിലാഡെല്‍ഫിയയില്‍ പാര്‍ട്ട്-ടൈം പിസ ഡെലിവറി എക്‌സിക്യുട്ടീവായി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു. 28കാരനായ അന്‍ഷുല്‍ കുഞ്ച ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വ്യാജ പിസ ഓര്‍ഡറിലൂടെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.
ബഹുരാഷ്ട്ര കമ്പനിയിലെ ജോലിക്കാരനായ അന്‍ഷുല്‍, അധിക വരുമാനത്തിനായി വാരാന്ത്യങ്ങളില്‍ പിസ ഡെലിവറി എക്‌സിക്യുട്ടീവായും ജോലി ചെയ്തിരുന്നു. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം പിസ എത്തിക്കാനായി പുറപ്പെട്ട അന്‍ഷുലിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ പലതവണ വെടിയേറ്റ അന്‍ഷുല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍, പിസ എത്തിക്കേണ്ടിയിരുന്ന വിലാസം ആളൊഴിഞ്ഞതും ഉപയോഗത്തിലില്ലാത്തതുമായ സ്ഥലമാണെന്ന് കണ്ടെത്തി. സംഭവസമയത്ത് മുഖംമൂടി ധരിച്ച രണ്ടുപേരെ പ്രദേശത്ത് കണ്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിസ ഓര്‍ഡര്‍ ചെയ്ത് അന്‍ഷുലിനെ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ''പിസ എത്തിക്കാന്‍ ആളില്ലാത്ത സ്ഥലത്തേക്കാണ് അന്‍ഷുലിനെ അയച്ചത്. പിന്നീട് അത് ഒരു കുടുക്കാണെന്ന് മനസ്സിലായി. അവിടെ ആരും ഉണ്ടായിരുന്നില്ല. കൊല്ലാന്‍ വേണ്ടി ഒരുക്കിയ വലയായിരുന്നു അത്'' -അന്‍ഷുലിന്റെ സഹോദരി തന്‍വി കുഞ്ച പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. നാട്ടില്‍ സന്തോഷത്തോടെ ജീവിച്ചയാളായിരുന്നു അന്‍ഷുല്‍. യുഎസിലേക്ക് പോകാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ നല്ല ഭാവി ഉണ്ടാകുമെന്ന് കരുതി നാലുവര്‍ഷം മുമ്പ് ഞങ്ങള്‍ നിര്‍ബന്ധിച്ച് അയച്ചു. മക്കളെ യുഎസിലേക്ക് അയക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതൊരു സന്ദേശമാണെന്നും അവര്‍ പറഞ്ഞു.
അന്‍ഷുലില്‍ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ അക്രമികള്‍ ലക്ഷ്യമിട്ടത് അന്‍ഷുലിനെ വകവരുത്താന്‍ തന്നെയാണെന്ന സംശയമാണ് ഉയരുന്നത്. അന്‍ഷുലിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അനുശോചിച്ച ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് അറിയിച്ചു. കൊലപാതകക്കേസില്‍ ഫിലഡല്‍ഫിയ പൊലീസ് അന്വേഷണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates