ദോഹ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തര്‍. ഇസ്രയേല്‍ ശിക്ഷിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്ലാമിക് യോഗത്തില്‍ ആണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഖത്തറിന് എതിരായ ആക്രമണത്തെ അറബ്-ഇസ്ലാമിക് യോഗത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന നിയമാനുസൃത നടപടികളെ പിന്തുണയ്ക്കുമെന്നും യോഗം അറിയിച്ചു. ആക്രമണത്തെ കഠിനവും ഉറച്ചതുമായ നടപടികളിലൂടെ നേരിടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
അതേസമയം, ആക്രമണങ്ങള്‍കൊണ്ട് ഖത്തര്‍ നടത്തുന്ന വിവിധ മധ്യസ്ഥ ശ്രമങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഖത്തര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ തുടരും. ഇസ്രയേല്‍ നടത്തുന്ന ഉന്‍മൂലന നീക്കങ്ങള്‍ വിജയിക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സമൂഹം സ്വീകരിക്കുന്ന നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രയേലിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇസ്രായേലിനെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്റ്റ് കുറ്റപ്പെടുത്തി. സാധാരണക്കാരെ കൊല്ലുക, ജനങ്ങളെ പട്ടിണിയിലാക്കുക, ഒരു ജനതയെ മുഴുവന്‍ ഭവനരഹിതരാക്കുക തുടങ്ങിയ വ്യക്തമായ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രയേല്‍ ഉത്തരവാദികളാണെന്നും അറബ് ലീഗ് സെക്രട്ടറി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates