

ലണ്ടന്‍: ത്രീവ്രവലതുപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ബ്രിട്ടണ്‍. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ലണ്ടന്‍ നഗരത്തില്‍ നടന്ന റാലിയില്‍ ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. പലയിടത്തും റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. 25 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനായ റോബിന്‍സണ്‍ എന്ന വിളിപ്പേരുള്ള സ്റ്റീഫന്‍ യാക്സ്ലി-ലെനന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയായിരുന്നു യുണൈറ്റ് ദ കിങ്ഡം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശസ്തമായ ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിന് സമീപത്ത് നിന്നായിരുന്നു റാലി ആരംഭിച്ചത്. ഞങ്ങളുടെ രാജ്യം തിരിച്ചു തരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ പ്രകടനങ്ങളില്‍ അണിനിരന്നത്. ഇംഗ്ലണ്ടിന്റെയും ബ്രിട്ടന്റെയും പതാകകളേന്തിയ പ്രതിഷേധക്കാര്‍ പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തെ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ അഭിസംബോധന ചെയ്തു. ഓണ്‍ലൈന്‍ വഴിയായിരുന്നു മസ്‌ക് പിന്തുണ പ്രഖ്യാപിച്ചത്.
സാമ്പത്തികമായും, സാംസ്‌കാരികമായും, സാമൂഹികമായും ബ്രിട്ടനെ തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. ''നമ്മുടെ രാജ്യം തിരികെ വേണം, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ശരിയായ പാതയിലേക്ക് കൊണ്ടുവരണം. അനധികൃത കുടിയേറ്റം തടയണം. നമ്മെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രം നമ്മുടെ രാജ്യത്ത് നിറഞ്ഞുനില്‍ക്കുകയാണ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. എന്നാല്‍, ലണ്ടനില്‍ നടന്നത് തീവ്ര വലതുപക്ഷ സമ്മേളനമല്ലെന്നും ടോണി റോബിന്‍സന്റെ അനുയായികളുടെ ''ദേശസ്നേഹപരമായ'' ഒത്തുചേരലാണെന്നുമാണ് റാലിയെ അനുകൂലിക്കുന്നവരുടെ വാദം. യുഎസില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിനായിരുന്നു റോബിന്‍സണ്‍ റാലി സമര്‍പ്പിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ദേശീയ സ്വത്വത്തിനും വേണ്ടിയുള്ള പ്രതിരോധമാണ് പ്രതിഷേധ പ്രകടനമെന്ന് ടോണി റോബിന്‍സണ്‍ ആവര്‍ത്തിക്കുമ്പോഴും മുസ്ലീം വിദ്വേഷം നിലപാടുകളില്‍ പ്രകടമായിരുന്നു. ആക്രമണകാരികളായും കുറ്റവാളികളായും മുസ്ലീം വിഭാഗക്കാരെ ചിത്രീകരിക്കാന്‍ റോബിന്‍സണ്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടനിലെ ഹിന്ദു വിഭാഗക്കാരെ പ്രശംസിക്കാനും തയ്യാറാകുന്നുണ്ട്. സമാധാനപ്രിയരായ കുടിയേറ്റ സമൂഹം എന്നായിരുന്നു റോബിന്‍സണിന്റെ വിശേഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates